X

സപ്ലൈകോയിലെ പ്രതിസന്ധിക്ക് കാരണം ധനവകുപ്പിന്റെ മല്‍പ്പിടുത്തം; അഞ്ഞൂറ് കോടി ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ്

സപ്ലൈകോയിലെ പ്രതിസന്ധിക്ക് കാരണം ധനവകുപ്പ് യഥാസമയത്ത് പണം അനുവദിക്കാത്തതാണെന്ന് ഭക്ഷ്യവകുപ്പ്. വിതരണക്കാര്‍ക്ക് പോലും പണം കൊടുക്കാനില്ലാത്ത സാഹചര്യമാണ്. ധനവകുപ്പ് പണം അനുവദിച്ചാല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂ എന്ന നിലപാടിലാണ് സിവില്‍ സപ്ലൈസ് വകുപ്പ്. 500 കോടിയോളം രൂപ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ധനവകുപ്പ് ഇതുവരെ അനുവദിച്ചിട്ടില്ല.

ധനവകുപ്പിന്റെ കടുംപിടുത്തമാണ് സപ്ലൈകോയിലെ പ്രതിസന്ധി ഇരട്ടിയാക്കിയത്. ഓണക്കാലത്തും അതിനുശേഷം സപ്ലൈകോയ്ക്ക് നല്‍കേണ്ട തുക ധനവകുപ്പ് വെട്ടിക്കുറച്ചു. 500 കോടി നല്‍കേണ്ട സ്ഥാനത്ത് 250 കോടി മാത്രം നല്‍കി.

ഈ തുകയില്‍ 180 കോടി നെല്‍ കര്‍ഷകര്‍ക്ക് മാറ്റിവച്ചപ്പോള്‍ 70 കോടി മാത്രമാണ് വിപണി ഇടപെടലിന് ഭക്ഷ്യവകുപ്പിന്റെ പക്കല്‍ ഉണ്ടായിരുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ 500 കോടി രൂപ ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തുക അനുവദിക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.

സപ്ലൈകോ ഔട്ട്‌ലെറ്റുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് പുറമേ വിതരണക്കാര്‍ക്ക് കൊടുക്കാനുള്ള തുക പോലും ഭക്ഷ്യവകുപ്പിന്റെ പക്കല്‍ നിലവിലില്ല. തുക എത്രയും വേഗം കിട്ടിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന വിലയിരുത്തലും വകുപ്പിനുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഉപഭോക്താക്കള്‍ നട്ടം തിരിയേണ്ടി വരും. കേരളത്തിലെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും സബ്‌സിഡിയുള്ള പല സാധനങ്ങളും കിട്ടാത്ത അവസ്ഥയിലാണ്.

 

webdesk13: