X

സപ്ലൈക്കോ സ്റ്റോറുകളില്‍ ഒന്നും സ്റ്റോക്കില്ല

കോഴിക്കോട്: പൊതു വിപണിയില്‍ വില കുത്തനെ കൂടിയ ഒന്നും സ്റ്റോക്കില്ലാതെ സപ്ലൈക്കോ സ്‌റ്റോറുകള്‍. തക്കാളി, ഇഞ്ചി, വെളുത്തുള്ളി തുടങ്ങി പത്തിരട്ടി വരെ വില ഉയര്‍ന്നവയൊന്നും ഉള്‍പ്പെടുത്താതെയാണ് മുഖ്യമന്ത്രിയുടെ എഫ്.ബി പേജിലൂടെ സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്ന് സ്ഥാപിക്കാനുളള തരികിട. ഏതാനും ചില സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കിയാണ് പൊതു വിപണിയില്‍ ഇടപെട്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാല്‍, ഇതില്‍ ഭൂരിഭാഗവും സംസ്ഥാനത്തെ സപ്ലൈക്കോ സ്‌റ്റോറുകളിലില്ല.

വിലക്കയറ്റം പിടിച്ചുനിര്‍ത്താനായുള്ള ഇടപെടലുകളുടെ ഫലമായി എട്ടാം വര്‍ഷവും സപ്ലൈകോ സ്‌റ്റോറുകളില്‍ സാധനങ്ങള്‍ക്ക് വില കൂടിയിട്ടില്ലെന്നും പതിമൂന്നിനം നിത്യോപയോഗ വസ്തുക്കളാണ് 2016 ലെ വിലയിലും കുറച്ച് ഇപ്പോഴും നല്‍കിവരുന്നതെന്നും മുഖ്യമന്ത്രി കൊട്ടിഘോഷിക്കുന്നു. സര്‍ക്കാരിന് ഓരോ മാസവും 40 കോടി രൂപയുടെ അധികബാധ്യത ഇതുവഴിയുണ്ടാകുന്നുണ്ട്. കേരളത്തില്‍ 93 ലക്ഷം പേര്‍ക്ക് റേഷന്‍ കാര്‍ഡുകളുണ്ട്. ഇതില്‍ 55 ലക്ഷത്തോളം പേര്‍ സപ്ലൈകോ സ്‌റ്റോറുകളില്‍ സാധനം വാങ്ങാനെത്തുന്നു. അവശ്യ സാധനങ്ങളായ പലതിനും വിപണി വിലയുടെ പകുതിയേ സപ്ലൈകോ സ്‌റ്റോറില്‍ ഉള്ളൂ. എഫ്എംജി (ഫാസ്റ്റ് മൂവിങ് ഗുഡ്‌സ്) സാധനങ്ങള്‍, ശബരി ഉല്‍പന്നങ്ങള്‍, മറ്റു കമ്പനി ഉല്പന്നങ്ങള്‍ തുടങ്ങിയവക്ക് അഞ്ചു മുതല്‍ 35 ശതമാനം വരെ വിലക്കിഴിവുമുണ്ട് എന്നും പറയുന്നു.

കോഴിക്കോട്, കൊച്ചി തുടങ്ങിയ പ്രധാന നഗരങ്ങളിലെ സപ്ലൈക്കോ ഔട്ട്‌ലറ്റുകളില്‍ പോലും 13 ല്‍ പഞ്ചസാര, ചെറുപയര്‍, വന്‍ പയര്‍, കടല, മുളക്, മല്ലി, തുവരപ്പരിപ്പ് തുടങ്ങി പാതിയിലേറെയും സ്റ്റോക്കില്ല. സപ്ലൈക്കോ വഴി ലഭിക്കുന്ന വെളിച്ചണ്ണക്കും മുളകിനുമെല്ലാം വിപണി വിലയെക്കാള്‍ മൂന്നിലൊന്നേയൊള്ളൂ. പൊതു വിപണിയിലെ വില പിടിച്ചു നിര്‍ത്താന്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതുള്‍പ്പെടെയുള്ള നടപടികളും ആവശ്യമാണ്. സപ്ലൈക്കോ വഴി നല്‍കുന്ന സാധനങ്ങളുടെ സബ്‌സിഡി ഇനത്തില്‍ 3000 കോടി രൂപയോളം സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശികയുണ്ടെന്നും അതില്‍ പാതിയെങ്കിലും ലഭിക്കാതെ സാധനങ്ങളെടുത്ത് വില്‍പനക്ക് കഴിയില്ലെന്നുമാണ് സപ്ലൈക്കോ നിലപാട്. ഇല്ലാത്ത സാധനത്തിന്റെ കുറഞ്ഞ വിലപട്ടിക കണ്ട് മടങ്ങാനാണ് വിധി. ഓണം അടുത്തതോടെ പച്ചക്കറി വില വീണ്ടും കൂടുമെന്ന് ആശങ്കയുണ്ട്. 2016ല്‍ കിലോക്ക് അഞ്ചു രൂപയുണ്ടായിരുന്ന തക്കാളിക്ക് 130 രൂപയായിട്ടും വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ല.

 

webdesk11: