സപ്ലൈകോയില്‍ സബ്‌സിഡി ഉല്‍പ്പന്നങ്ങളുടെ വില കൂട്ടിയതോടെ സാധാരണക്കാരന്റെ പോക്കറ്റ് കീറും. 680 രൂപയ്ക്ക് ലഭിച്ചിരുന്ന 13 സബ്‌സിഡി ഇനങ്ങള്‍ക്ക് ഇനി 940 രൂപ നല്‍കേണ്ടി വരുമെന്ന് മന്ത്രിസഭാ കുറിപ്പ് വ്യക്തമാക്കുന്നു. വിലവര്‍ധന അടുത്ത ടെന്‍ഡര്‍ മുതല്‍ നടപ്പാകുമെന്നു മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.
സപ്ലൈക്കോയിലെ വിലവര്‍ധന ജനങ്ങളെ അധികം പ്രയാസപ്പെടുത്തില്ലെന്നാണ് ഭക്ഷ്യമന്ത്രി പറയുന്നത്. എന്നാല്‍ മന്ത്രിസഭാ യോഗം അംഗീകരിച്ച പുതിയ വിലവിവരപ്പട്ടിക കേട്ടാള്‍ തലകറങ്ങും. 66 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു കിലോ തുവരപ്പരിപ്പിന്റെ വില സെഞ്ചുറി കടത്തി 111 രൂപയാക്കി.
74 രൂപയ്ക്ക് കിട്ടിയിരുന്ന ചെറുപയറിന് 92 രൂപ 63 പൈസയും 66 രൂപയുണ്ടായിരുന്ന ഉഴുന്നിന് 95 രൂപയും 43 രൂപയുടെ വന്‍കടലയ്ക്ക് 70 രൂപയും നല്‍കണം. 45 രൂപയുടെ വന്‍പയര്‍ 75 രൂപയായും 22 രൂപയുടെ പഞ്ചസാര 27 രൂപയായും 46 രൂപയുടെ വെളിച്ചെണ്ണ 55 രൂപയായും ഉയരും. പുതുക്കിയ അരി വില കഞ്ഞികുടി മുട്ടിക്കും. മട്ട അരിക്ക് ഏഴ് രൂപയുടെയും കുറുവ അരിക്ക് അഞ്ച് രൂപയുടെയും ജയ അരിക്ക് നാലര രൂപയുടെയും പച്ചരിക്ക് മൂന്ന് രൂപയുടെയും ഒറ്റയടി വര്‍ധനയാണ് വരുന്നത്.
വില കേട്ട് ഉടനെ ഷോക്കടിച്ച് വീഴേണ്ട കാര്യമില്ല. ഞാന്‍ നില്‍ക്കുന്ന പഴവങ്ങാടിയിലെ ഈ സപ്ലൈക്കോ കേന്ദ്രത്തില്‍ സബ്‌സിഡി ഇനത്തിലെ ഒരു ഉല്‍പ്പന്നവും ലഭ്യമല്ല. സാധനങ്ങള്‍ ഉടന്‍ വരുമെന്നാണ് മന്ത്രി ഉറപ്പുനല്‍കുന്നത്. ഒറ്റരാത്രി കൊണ്ട് 13 സബ്‌സിഡി ഇനങ്ങളില്‍ 260 രൂപയുടെ വര്‍ധനയാണ് ഏര്‍പ്പെടുത്തിയിടുള്ളത്. സപ്ലൈകോയും ജനങ്ങളും തമ്മിലുള്ള അകലം ഇപ്പോള്‍തന്നെ കൂടുതലാണ്. പുതിയ വിലവര്‍ധന ജനങ്ങളുടെ മാത്രമല്ല സപ്ലൈകോയുടെ കൂടി വയറ്റത്ത് അടിക്കുന്നതാണ്.