കരിമ്പട്ടികയിൽപ്പെടുത്തി അയൽ സംസ്ഥാനങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങൾ മാറ്റിനിർത്തുന്ന നാണക്കേടിലേക്ക് സപ്ളൈകോ. ഭക്ഷ്യവസ്തുക്കളുടെ വിലയായ 700 കോടി നൽകാത്ത സപ്ലൈകോയ്ക്ക് സാധനങ്ങൾ ഇനി കൊടുക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് തമിഴ്നാട്, കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ വിതരണക്കാർ. 182 വിതരണക്കാരാണ് സാധനങ്ങൾ എത്തിക്കുന്നത്. കൂടുതലും ഈ മൂന്ന് സംസ്ഥാനങ്ങളിലുള്ളവരാണ്.
ഔദ്യോഗികമായി തീരുമാനം അംഗീകരിച്ച്സർക്കാരിനെ അറിയിക്കുന്നതിനായി അടുത്ത ആഴ്ച മൂന്ന് സംസ്ഥാനങ്ങളിലേയും വ്യാപാരികൾ യോഗം ചേരും. 700 കോടിയിൽ പകുതിയെങ്കിലും കിട്ടിയില്ലെങ്കിൽ പലിശ ഉൾപ്പെടെ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും വ്യാപാരികൾ ആലോചിക്കുന്നു. കഴിഞ്ഞ മാർച്ച് മുതലുള്ള തുകയാണ് ലഭിക്കാനുള്ളത്.
തുക 600 കോടി കടന്നതോടെ കഴിഞ്ഞ ജൂലായിൽ വിതരണം നിറുത്തിവച്ചിരുന്നു. ആഗസ്റ്റ് ആരംഭത്തിൽ തന്നെ ഔട്ട്‌ലെറ്റുകളിൽ സാധനങ്ങൾ തീർന്നു തുടങ്ങി. മന്ത്രി ജി.ആർ.അനിൽ ഇടപെട്ട് ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണ് ഓണച്ചന്തകൾ കുഴപ്പമില്ലാതെ നടന്നത്. ഓണത്തിന് മുമ്പ് 120 കോടി രൂപയാണ് വിതരണക്കാർക്ക് ലഭിച്ചത്. ബാക്കി തുക ഉടൻ നൽകുമെന്ന സർക്കാർ ഉറപ്പിലാണ് സാധനങ്ങൾ എത്തിച്ചത്. ആ ഉറപ്പ് പാലിച്ചില്ല.
പൊതുവിപണിയിലും അരിയും പലവ്യജ്ഞനങ്ങളും നൽകുന്നവരാണ് മിക്ക വിതരണക്കാരും. ഇവർക്ക് സാധനങ്ങൾ എത്തിക്കുന്ന മറ്റ് വിതരണക്കാരുമുണ്ട്. സപ്ലൈകോയിൽ നിന്നു പണം കിട്ടാതായതോടെ ഇവരുടെ ബിസിനസിനും തിരിച്ചടിയായി. തിരുവനന്തപുരത്തെ ഹഫ്സർ ട്രെഡിംഗ് കമ്പനിക്ക് മാത്രം 32 കോടി രൂപയാണ് സപ്ലൈകോ നൽകാനുള്ളത്. പണം കിട്ടാതായതോടെ ചെറുകിട വിതരണക്കാർക്ക് പണം നൽകാൻ കഴിയാതായി. അവർ സാധനങ്ങൾ എത്തിക്കുന്നില്ല. ഇതു തുടർന്നാൽ വ്യാപാരികൾ കടക്കെണിയിലാകുമെന്ന് ഹഫ്സർ ട്രേഡിംഗ് കമ്പനി ഉടമ റഹിം പറഞ്ഞു.