സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ ഈ മാസം പത്താംതീയതിക്ക് മുമ്പ് സാധനങ്ങള്‍ എത്തിക്കുമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനം പൂര്‍ണമായും പ്രാവര്‍ത്തികമായില്ല. 13 ഇന സബ്‌സിഡി സാധനങ്ങളില്‍ അരിയടക്കമുള്ളവ പലയിടത്തും എത്തിയിട്ടില്ല. മന്ത്രിയുടെ വാക്ക് കേട്ട് സപ്ലൈകോയിലെത്തുന്നവര്‍ ഇപ്പോഴും നിരാശരായി മടങ്ങുകയാണ്.
ഓണത്തിനുവേണ്ടി സംഭരിച്ച സാധനങ്ങള്‍ കുറച്ച് കടകളില്‍ എത്തിച്ചിരുന്നെങ്കിലും പലതും മണിക്കൂറുകള്‍ക്കകം തീര്‍ന്നു. മിക്ക ഔട്ട്‌ലറ്റുകളുടെയും അവസ്ഥ ഇതാണ്. അരിക്കു പുറമെ മുളക്, കടല, പഞ്ചസാര എന്നിവയാണ് എത്താത്തത്. ഡിപ്പോയില്‍ നിന്ന് ലോഡ് അയച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം എത്തുമെന്നുമാണ് ഔട്ട്‌ലറ്റ് മാനേജര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ള മറുപടി.