നോയിഡ: കെട്ടിടനിര്‍മാണച്ചട്ടങ്ങള്‍ ലംഘിച്ചു നിര്‍മിച്ച സൂപ്പര്‍ടെക് ഇരട്ട ടവറുകള്‍ പൊളിക്കുന്നതിനുള്ള പരീക്ഷണ സ്‌ഫോടനം നടന്നു. പൊളിക്കുന്നതിന് ആവശ്യമായ സ്‌ഫോടകവസ്തുക്കളുടെ അളവ് കണ്ടെത്തുന്നതിനുള്ള പരീക്ഷണ സ്‌ഫോടനമാണ് ഇന്നലെ നടന്നത്.
സൂപ്പര്‍ടെക്കിന്റെ അപെക്‌സ്, സെയാന്‍ ടവറുകള്‍ മെയ് 22നാണ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുക. അനധികൃത ഇരട്ട ടവറുകള്‍ തകര്‍ക്കാന്‍ നാല് ടണ്‍ വരെ സ്‌ഫോടകവസ്തുക്കള്‍ വേണ്ടിവരുമെന്നും ഏകദേശം 100 മീറ്റര്‍ ഉയരമുള്ള കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ ഒമ്പത് സെക്കന്റ് മാത്രമേ എടുക്കൂ എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മെയ് 22ന് ഉച്ചകഴിഞ്ഞ് 2:30നാവും സ്‌ഫോടനം. ആ സമയത്ത് സെക്ടര്‍ 93 എയില്‍ സ്ഥിതി ചെയ്യുന്ന ടവറുകള്‍ക്ക് സമീപം താമസിക്കുന്ന 1,500 ഓളം കുടുംബങ്ങളെ അഞ്ച് മണിക്കൂറോളം വീടുകളില്‍ നിന്ന് മാറ്റും. കെട്ടിട മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ടെക്കിന്റെ അപെക്‌സ് (100 മീറ്റര്‍), സെയാന്‍ (97 മീറ്റര്‍) ടവറുകള്‍ പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 31 ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
രണ്ടു ടവറുകളിലായി 915 ഫ്‌ളാറ്റുകളും 21 ഷോപ്പുകളുമുണ്ട്. നിക്ഷേപകരുടെ പണം 15 ശതമാനം പലിശ സഹിതം രണ്ടു മാസത്തിനകം തിരിച്ചു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.