X

അന്ധവിശ്വാസ നിരോധന ബില്ല്; കണ്ണുതുറക്കാതെ നിയമസഭ

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നരബലി സംഭവത്തിനു പിന്നാലെ ചര്‍ച്ചയാകുന്നത് പി.ടി തോമസ് കൊണ്ടുവന്ന സ്വകാര്യ ബില്ല്. 2019 നവംബര്‍ 15ന് പി.ടി സഭയില്‍ അവതരിപ്പിച്ച ‘കേരള ദുര്‍മന്ത്രവാദവും അന്ധവിശ്വാസ പ്രവൃത്തികളും നിരോധിക്കല്‍ ബില്‍’ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. നിയമം മൂലം നിരോധിക്കാത്ത കാലത്തോളം ഇത്തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തില്‍ നിലനില്‍ക്കുമെന്ന് പി.ടി അന്ന് പറഞ്ഞിരുന്നു. സ്വകാര്യ ബില്ല് സഭ ചര്‍ച്ച ചെയ്‌തെങ്കിലും പി.ടിയുടെ ആവശ്യം സഭ തള്ളുകയായിരുന്നു. മുഖ്യമന്ത്രിക്കു വേണ്ടി മറുപടി നല്‍കിയ അന്നത്തെ മന്ത്രി എ.സി മൊയ്തീനാണ് ബില്ലിന് അനുമതി നിഷേധിച്ചത്. എന്നാല്‍ വിഷയം ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ ഔദ്യോഗിക ബില്ലായി ഇത് പരിഗണിക്കുന്നത് ആലോചിക്കണമെന്നും അന്ന് സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് കേരളം നിറഞ്ഞെന്ന് പി.ടി തോമസ് ബില്‍ അവതരിപ്പിച്ചുകൊണ്ടു പറഞ്ഞിരുന്നു. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പില്‍ നിന്നായിരുന്നു സഭയില്‍ അന്ന് ചര്‍ച്ചകള്‍ നടന്നത്. 2021ല്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ ഇതേ നിയമനിര്‍മാണത്തിനായി വീണ്ടും സ്വകാര്യ ബില്ല് സഭയില്‍ കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല.മഹാരാഷ്ട്രയില്‍ ഇതുമായി ബന്ധപ്പെട്ട് വളരെ ശക്തമായ നിയമമാണ് നിലവിലുള്ളത്. കര്‍ണാടക സര്‍ക്കാരും ഇത്തരമൊരു നിയമം തയാറാക്കാനുള്ള നീക്കത്തിലാണ്.

Test User: