റസാഖ് ആദൃശ്ശേരി
2013ല്‍ പാലക്കാട് നടന്ന സി.പി.എം പ്ലീനത്തില്‍ അംഗീകരിച്ച പ്രധാന പ്രമേയങ്ങളിലൊന്ന് ‘വിശ്വാസവും അന്ധവിശ്വാസവും’ സംബന്ധിച്ചുള്ളതായിരുന്നു. ‘സമൂഹത്തെ പിറകോട്ടടിപ്പിക്കുംവിധത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വ്യാപകമാകുകയാണ്. ആള്‍ദൈവങ്ങള്‍ വ്യാപകമാകുന്നു. ഇതെല്ലാം കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് തളര്‍ത്താനും അരാഷ്ട്രീയത വളര്‍ത്താനും ഉദ്ദേശിച്ചുള്ളതാണ്. ഇതുകണ്ടുകൊണ്ട് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നിലപാട് സ്വീകരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കാകണം. ഒരു പാര്‍ട്ടിയംഗവും അന്ധവിശ്വാസത്തിനും അനാചാരത്തിനും വിധേയരാകരുത’. ഈ പ്രമേയം അംഗീകരിച്ചതിനുശേഷം അന്ധവിശ്വാസത്തിനെതിരെ അംഗങ്ങളെ പഠിപ്പിക്കാന്‍ പാര്‍ട്ടി കഠിനമായി യത്‌നിച്ചുവെന്നു കരുതാം. വര്‍ഷം 9 കഴിഞ്ഞു. കേരള സമൂഹത്തെയാകെ നാണിപ്പിക്കുംവിധം പാര്‍ട്ടിക്കാര്‍ നടത്തുന്ന നരബലിയിലെത്തി കാര്യങ്ങള്‍.
പത്തനംതിട്ട ഇലന്തൂരില്‍ ആഭിചാരത്തിനിടെ രണ്ട് സ്ത്രീകളെ നരബലി നടത്തിയ കേസിലെ പ്രതി ഭഗവല്‍ സിംഗ് സി. പി.എം നേതാവാണ്. ആദ്യം ബ്രാഞ്ച് കമ്മിറ്റിയംഗമെന്നാണ് സി.പി.എം നേതാക്കള്‍ പറഞ്ഞത്. പിന്നീട് അനുഭാവിയും സഹയാത്രികനുമായി. ശേഷം കര്‍ഷക സംഘം ഏരിയാ കമ്മിറ്റി അംഗമാണെന്നെങ്കിലും പതിവിനു വിപരീതമായി നേതൃത്വം സമ്മതിച്ചു. സാധാരണ നിലയില്‍ ഇത്തരം കേസുകളില്‍പെട്ടവരെ പാര്‍ട്ടി തള്ളിപ്പറയലാണ് ചെയ്യാറ്. ഇയാളുടെ ഭാര്യ ലൈലയും പാര്‍ട്ടിക്കാരിയാണ്. ഒരു സി. പി.എം അംഗം ഇത്തരത്തില്‍ തരംതാഴുമ്പോള്‍ അത് പാര്‍ട്ടിയുടെ അപചയം കൂടിയാണ് സൂചിപ്പിക്കുന്നത്. പുരോഗമന പ്രസ്ഥാനമെന്നു എപ്പോഴും അവകാശപ്പെടുന്ന പാര്‍ട്ടിയുടെ അംഗം, അയാള്‍ സാധാരണക്കാരനൊന്നുമല്ല. പാര്‍ട്ടി പരിപാടികളില്‍ പ്രസംഗിക്കുകയും ഫെയ്‌സ്ബുക്കില്‍ ഹൈക്കു സ്‌പെഷലിസ്റ്റ് എന്നു പറഞ്ഞു ചെറു കവിതകള്‍ എഴുതുകയും പാര്‍ട്ടിക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ്. എന്നിട്ടും ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി അയാളുടെ മുന്നില്‍വെച്ചു ഭാര്യ ലൈലയുമായി വ്യാജ സിദ്ധന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു. പിന്നീട് ഐശ്വര്യം കൈവരുന്നതിനുവേണ്ടി പാവപ്പെട്ട രണ്ടു സ്ത്രീകളെ ചതിയില്‍ തട്ടികൊണ്ടു വന്നു ക്രൂരമായി കൊലപ്പെടുത്തുന്നു. ആ സ്ത്രീകളുടെ മാംസം വരെ അവര്‍ കാര്യസിദ്ധിക്ക് വേണ്ടിയെന്നു കരുതി ഭക്ഷിക്കുന്നു. ഇതെല്ലാം കണ്ടു പ്രബുദ്ധ കേരളം നാണത്താല്‍ തല താഴ്ത്തുമ്പോള്‍ ഭഗവല്‍ സിംഗുമാരെ പടച്ചുവിട്ടതില്‍ സി.പി.എമ്മിനുള്ള പങ്ക് വിലയിരുത്തേണ്ടതല്ലേ.
ധനശേഖരണമായിരുന്നു ഈ കൊലകളുടെ ലക്ഷ്യം. ഏത് മാര്‍ഗത്തിലൂടെയും പണം സമ്പാദിക്കാമെന്നു പഠിപ്പിച്ച കൊടുക്കുന്ന രീതിയിലേക്ക് ഇപ്പോള്‍ സി.പി. എം എത്തിയിട്ടുണ്ട്. സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയിരുന്ന പാര്‍ട്ടി ബി. ജെ.പി ചങ്ങാത്തം സ്വീകരിച്ചപ്പോള്‍ കോര്‍പറേറ്റുകളുടെ വിനീതദാസന്മാരായി മാറി. പട്ടിണി പാവങ്ങളുടെയും മര്‍ദ്ദിതരുടെയും പാര്‍ട്ടി, ഇന്നു സാധാരണക്കാരെ ദ്രോഹിക്കുന്ന കക്ഷിയായി മാറി. ജനങ്ങള്‍ക്കാവശ്യമില്ലാത്ത കെ റെയില്‍ പോലെയുള്ള പദ്ധതികള്‍ കൊണ്ടുവരാന്‍ എന്തൊരു ഉല്‍സാഹമാണ് പാര്‍ട്ടിക്ക്. കമ്മീഷന്‍ മുഖേന കോടികള്‍ അടിച്ചെടുക്കാമെന്ന മോഹം മാത്രമാണ് അതിനു പിന്നിലുള്ളത്. കേരളത്തില്‍ മാത്രമാണ് സി.പി. എമ്മിനു ഭരണമുള്ളത്. പക്ഷേ, പാര്‍ട്ടിയുടെ സ്വത്ത് ദേശീയ കക്ഷികളെ പോലും അമ്പരപ്പിക്കുന്നതാണ്. എങ്ങനെയാണിതുണ്ടായത്? നേതൃത്വം വഴിവിട്ട മാര്‍ഗത്തിലൂടെ സമ്പാദിക്കുമ്പോള്‍ അണികളും കാശുണ്ടാക്കാന്‍ അവിഹിതമാര്‍ഗം സ്വീകരിക്കുന്നുവെന്നാണ് നരബലി സംഭവത്തിലൂടെ മനസ്സിലാക്കേണ്ടത്. പ്രശ്‌നത്തെ രാഷ്ട്രീയമായി പരിശോധിക്കാന്‍ പോലും സി.പി. എം തയ്യാറായിട്ടില്ല. അതിന്റെ ഉത്തരവാദിത്തം മുഴുവനും മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനാണ് ഡി.വൈ.എഫ്.ഐ ശ്രമിക്കുന്നത്. ‘സാമൂഹിക വിദ്യാഭ്യാസത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍നിന്ന് വാര്‍ത്തകളില്‍മാത്രം കേട്ടുശീലിച്ച ഇത്തരം കൃത്യങ്ങള്‍ കേരളത്തിലെ മണ്ണില്‍ എങ്ങനെ നടന്നു എന്നത് സാംസ്‌കാരിക കേരളം ഗൗരവത്തിലെടുക്കേണ്ടതാണ്. കേരളത്തില്‍ വലതുപക്ഷവത്കരണത്തിനുവേണ്ടി നടത്തപ്പെടുന്ന ആശയപ്രചാരണമാണ് ഇത്തരം പിന്തിരിപ്പന്‍ ശക്തികള്‍ക്ക് വളമാകുന്നത്’. ഡി.വൈ.എഫ്.ഐയുടെ പ്രസ്താവന പോലും യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും ഓടിയൊളിക്കാന്‍ വേണ്ടിയുള്ളതാണ്. വലതുപക്ഷ ആശയ പ്രചാരണം മാത്രമാണോ ഇതിനു കാരണം? മനുഷ്യന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ഓടിയൊളിച്ച കമ്യൂണിസം ഇതിനു കാരണമല്ലെ. മനുഷ്യന്റെ പ്രശ്‌നങ്ങള്‍ വര്‍ഗസമരത്തില്‍ മാത്രം ഒതുക്കിയ കമ്യൂണിസ്റ്റുകള്‍ക്ക് മനുഷ്യന് നേര്‍വഴി കാണിച്ചുകൊടുത്ത മതം അന്ധവിശ്വാസമായിരുന്നു. ജനങ്ങളെ ചൂഷണംചെയ്യുന്ന മതപുരോഹിതന്മാരെയും ആള്‍ദൈവങ്ങളെയും മാത്രമാണ് മാര്‍ക്‌സിസം കണ്ടത്. എല്ലാവിധ ചൂഷണങ്ങളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കുന്ന ഇസ്‌ലാം മതത്തെ മാര്‍ക്‌സ് കണ്ടതേയില്ല. മനുഷ്യന്റെ ആന്തരിക സംഘര്‍ഷങ്ങളാണ് സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കുള്ള പ്രധാന കാരണമെന്നു മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. പക്ഷേ, കേരളത്തിലെ ഇടതുപക്ഷം അത് അംഗീകരിച്ചിട്ടില്ല. അവര്‍ എന്നും പ്രചരിപ്പിച്ചത് സാമ്രാജ്യത്വത്തിന്റെ കറുത്ത കൈകളാണ് ലോകത്തുള്ള മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ്.
ഒരു കാലത്ത് മതവിശ്വാസത്തെ എത്രമാത്രം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. ഹിന്ദു മത വിശ്വാസത്തെയും ഇസ്‌ലാം-ക്രൈസ്തവ വിശ്വാസത്തെയുമെല്ലാം അവര്‍ അന്ധവിശ്വാസമാക്കി. ‘ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു’ എന്ന സി. കേശവന്റെ വാക്യത്തെ ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ചത് കമ്യൂണിസ്റ്റുകളായിരുന്നു. കാലം കുറെ കഴിഞ്ഞപ്പോള്‍ വോട്ടു ലഭിക്കാന്‍ വേണ്ടി ‘അംഗങ്ങള്‍ക്ക് മതവിശ്വാസമാവാം’ എന്ന നിലയിലേക്ക് അവര്‍ നയം മാറ്റി. അപ്പോള്‍ അണികളില്‍ ഭൂരിഭാഗവും ചെന്നെത്തിയത് മതത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുസംഘങ്ങളിലും കൂടോത്ര സംഘങ്ങളിലും കപടഭക്തിപ്രസ്ഥാനങ്ങളിലുമൊക്കെയായിരുന്നു. പിന്നീട് ബലിയിടല്‍ കര്‍മം വരെ പാര്‍ട്ടി ആഭിമുഖ്യത്തില്‍ നടത്തുന്നതിന് കേരളം സാക്ഷ്യം വഹിച്ചു. ഒന്നാം പിണറായി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ വരെ ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനവും പൂജയും പുഷ്പാഞ്ജലിയും നടത്തി. എല്ലാ മുതലാളിത്ത വ്യവസ്ഥയും തകര്‍ത്ത് ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍ വന്ന കമ്യൂണിസ്റ്റുകള്‍, മരണശേഷം പരലോകത്തുള്ള സ്വര്‍ഗത്തെകുറിച്ചു മതം പറഞ്ഞപ്പോള്‍ അതിനെ പരിഹസിച്ചു. യുക്തിവാദികള്‍ മുടന്തന്‍ വാദങ്ങളുമായിവന്നു. അവരുടെ ആശയ നിലപാടുകളെ എല്ലാ നിലയിലും മാര്‍ക്‌സിസ്റ്റുകള്‍ പിന്തുണച്ചു. അവസാനം കേരളത്തിലെ യുക്തിവാദികള്‍ സംഘ്പരിവാറിനു ആളെ കൂട്ടികൊടുക്കുന്നവരായി മാറിയിരിക്കുന്നു. കേരള യുക്തിവാദി നേതാവ് രവിചന്ദ്രനെ പോലെയുള്ളവര്‍ മുസ്‌ലിം വിരുദ്ധത പ്രസംഗിക്കുകയും അനുയായികളെ ആര്‍.എസ്.എസിലേക്ക് ആനയിക്കുന്നതും കാഴ്ചക്കാരനെ പോലെ നോക്കി നില്‍ക്കാന്‍ മാത്രമേ സി.പി.എമ്മിനു കഴിയുന്നുള്ളു. ഒപ്പം തങ്ങളുടെ പ്രവര്‍ത്തകര്‍ അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും മുഴുകുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാനും.
മാര്‍ക്‌സിസ്റ്റുകളും യുക്തിവാദികളും ഒരു സി.പി.എം കുടുംബം നരബലി പോലെയുള്ള ക്രൂരകൃത്യം ചെയ്തിട്ടും അതില്‍ നിരാശപ്പെടാതെ, ഇസ്‌ലാം മതത്തില്‍ നരഹത്യയുണ്ടെന്നും ബലിപെരുന്നാള്‍ അത്തരത്തിലുള്ള നരഹത്യയുടെ ഓര്‍മപെരുന്നാളാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം ജാള്യത മറച്ചുവെക്കാനുള്ള ശ്രമമാണിത്. അല്ലാഹുവിന്റെ കല്‍പനപ്രകാരം പ്രിയപ്പെട്ട മകനെ ബലി അര്‍പ്പിക്കാന്‍ ഇബ്രാഹിം നബി തയ്യാറായതിലൂടെ ദൈവത്തിന്റെ കല്‍പന അനുസരിക്കാന്‍ അത് എത്ര പ്രയാസമേറിയതാണെങ്കിലും ഒരു മടിയുമില്ലാത്ത ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ഉത്തമ മാതൃക കാണിച്ചു തരുകയായിരുന്നു അല്ലാഹു. ഇതൊരു പരീക്ഷണം മാത്രമായിരുന്നുവെന്നും മനുഷ്യനെ അറുക്കാനല്ല മറിച്ച് നിങ്ങളുടെ ത്യാഗസന്നദ്ധത പരീക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നുമാണ് അല്ലാഹു ഇബ്രാഹിം പ്രവാചകനോടു പറയുന്നത്. ഈ ചരിത്രം ഖുര്‍ആനിലും ബൈബിളിലുമെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. ഇതില്‍ എവിടെയാണ് നരബലിയെ പ്രോല്‍സാഹിപ്പിക്കുന്നത്?
കേരളത്തില്‍ മയക്കുമരുന്നുകള്‍ പോലെ അന്ധവിശ്വാസവും ലഹരിയായി പടര്‍ന്നുകഴിഞ്ഞിട്ടുണ്ട്. മനുഷ്യത്വഹീനവും മാനവിക സംസ്‌കാരത്തിനു നിരക്കാത്തതുമായ ദുരാചാരങ്ങള്‍ കര്‍ശനമായി തടയുന്നതിനു നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നുവരുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അന്ധവിശ്വാസം എന്താണെന്നു വ്യക്തമായി നിര്‍വചിക്കണം. നിരീശ്വരവാദികള്‍ക്ക് ദൈവവിശ്വാസവും മതവിശ്വാസികള്‍ക്ക് പ്രകൃതി വാദികളുടെവാദവും അന്ധവിശ്വാസമാണ്. അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും നിരോധിക്കണമെന്നാവശ്യപ്പെട്ടു 2019 നവംബര്‍ 15 നു പി.ടി തോമസ് സ്വകാര്യ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ഈ ബില്‍ സര്‍ക്കാര്‍ ഔദ്യോഗിക ബില്ലായി പരിഗണിക്കുന്നത് ആലോചിക്കണമെന്ന് അന്നത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വകാര്യ ബില്ലായതിനാല്‍ പരിഗണിക്കേണ്ടതില്ലെന്നാണ് അന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്. പിന്നീട് ഇതിനുള്ള നിയമനിര്‍മാണത്തിന് കരടുബില്‍ തയ്യാറാക്കാന്‍ ജസ്റ്റിസ് കെ.ടി തോമസ് ചെയര്‍മാനായ നിയമ പരിഷ്‌കരണ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. 2021 ഒക്ടോബറില്‍ കമ്മീഷന്‍ കരട്ബില്‍ സര്‍ക്കാരിനു സമര്‍പ്പിച്ചുവെങ്കിലും ഇതുവരെ സര്‍ക്കാര്‍ അത് നിയമമാക്കിയിട്ടില്ല.
അന്ധവിശ്വാസങ്ങളും അനാചാരവും പ്രചരിപ്പിക്കുകയും കൈകാര്യംചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ഉറപ്പാക്കുന്നതാണ് കരട് നിയമം. മന്ത്രവാദം, കൂടോത്രം, നഗ്‌നരാക്കി നടത്തിക്കല്‍, പ്രേതബാധ ഒഴിപ്പിക്കല്‍, നിധി തേടിയുള്ള ഉപദ്രവം തുടങ്ങിയവ നിയമമനുസരിച്ചു ശിക്ഷാര്‍ഹമാണ്. മന്ത്രവാദത്തിന്റെ പേരില്‍ ലൈംഗികമായി പീഢിപ്പിക്കലും കടുത്ത കുറ്റമാണ്. നിയമവും നിയമപാലകരും മാത്രം വിചാരിച്ചാല്‍ തീരാവുന്ന സാമൂഹിക പ്രശ്‌നമല്ല അന്ധവിശ്വാസങ്ങളുടെ പേരിലുള്ള ചെയ്തികള്‍. ഇതിന്റെ ദോഷവശങ്ങളെ പറ്റി ശക്തമായ ബോധവത്കരണമാണ് ആവശ്യം.