മലപ്പുറം: ഗ്രൂപ്പ് ഡിയില്‍ നിന്നും ആര് സെമിയില്‍ കടക്കുമെന്ന് ഇന്നറിയാം. ചെന്നൈയിന് എഫ്.സി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, മുംബൈ സിറ്റി എന്നിവരാണ് ഗ്രൂപ്പ് ജേതാക്കളായി സെമിഫൈനല്‍ പ്രവേശനം കൊതിക്കുന്നവര്‍. നാലാം സ്ഥാനക്കാരായ ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ സെമി സ്വപ്നം നേരത്തെ തന്നെ അവസാനിച്ചിരുന്നു. വൈകുന്നേരം 8.30 ന് കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. കോഴിക്കോട് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചര്‍ച്ചില്‍ ബ്രദേഴ്സും ഏറ്റുമുട്ടും. പയ്യനാടുള്ള പോരാട്ടം ചെന്നൈയിന് എഫ്.സി.യും മുംബൈ സിറ്റിയും തമ്മിലാണ്.
നിലവില്‍ ഗ്രൂപ്പില്‍ ഒരു ജയവും ഒരു സമനിലയുമായി നാലു പോയന്റോടെ ചെന്നൈയിനാണ് ഒന്നാമത്. മൂന്നു പോയന്റോടെ നോര്‍ത്ത് ഈസ്റ്റും മുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ജയിക്കുകയാണെങ്കില്‍ ചെന്നൈക്ക് സെമിയില്‍ എത്താം. ഈ കളി സമനിലയായാല്‍ നോര്‍ത്ത് ഈസ്റ്റിനു സെമി സാധ്യത തെളിയും.