X

സൂപ്പര്‍ അങ്കങ്ങള്‍

 

മുംബൈ: പ്രാര്‍ത്ഥന ഫലിച്ചു….ഫിഫ അണ്ടര്‍ ലോകകപ്പില്‍ ഇന്ത്യക്ക് താരതമ്യേന അശക്തരുടെ ഗ്രൂപ്പ്. ആതിഥേയരുടെ ഗ്രൂപ്പ് എ യില്‍ അമേരിക്കയും കൊളംബിയയും ഘാനയും. പേടിച്ചിരുന്ന ബ്രസീലും സ്‌പെനിനും ഗ്രൂപ്പ് ഡിയിലാണ്.
കൊച്ചിയിലാണ് ഗ്രൂപ്പ് ഡി മല്‍സരങ്ങള്‍. ലാറ്റിനമേരിക്കന്‍ സോക്കര്‍ ശക്തികളായ ബ്രസീലിനെയും യൂറോപ്പിന്റെ അമരക്കാരായ സ്‌പെയിനിനെയും മലയാളികള്‍ക്ക് കാണാം. ഇന്നലെ മുംബൈയില്‍ നടന്ന ഒന്നര മണിക്കൂര്‍ ദിര്‍ഘിച്ച നറുക്കെടുപ്പില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ എസ്റ്റബന്‍ കാംപിയാസോ, നുവാന്‍ കാനു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇവരെ കൂടാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ചേത്രി, റിയോ ഒളിംപിക്‌സ് ഹിറോ പി.വി സിന്ധു എന്നിവരും അതിഥികളായി എത്തി. ഇന്ത്യ ഉള്‍പ്പെടെ എ ഗ്രൂപ്പാണ് ആദ്യമായി തീരുമാനമായത്. ആകാംക്ഷയുടെ നെരിപ്പോടില്‍ ഇന്ത്യന്‍ ഗ്രൂപ്പില്‍ അമേരിക്കയും ഘാനയും കൊളംബിയയുമാണെന്ന് മനസ്സിലായപ്പോള്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട് പ്രഫുല്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ളവരുടെ മുഖത്ത് ആശ്വാസം പ്രകടമായി. ബ്രസീല്‍ ഗ്രൂപ്പ് ഡിയില്‍ വന്നപ്പോള്‍ പ്രതിയോഗികളായി സ്‌പെയിനും ഉത്തര കൊറിയയും നൈജറുമായപ്പോള്‍ കൊച്ചിക്കും മലയാളത്തിനും അത് ആവേശമായി.

കൊച്ചിയിലേക്ക് മഞ്ഞപ്പട
കൊച്ചി: മഞ്ഞപ്പടയുടെ ആവേശ നിമിഷങ്ങള്‍, കാളപ്പോരിന്റെ നാട്ടുകാരായ സ്പാനിഷ് യുവനിരയുടെ ടിക്ക-ടാക്ക, ആഫ്രിക്കന്‍ കരുത്തിന്റെ പുത്തന്‍ പ്രതീകങ്ങളായ നൈജര്‍, ഏഷ്യയുടെ വിലാസമായ ഉത്തര കൊറിയ- നാല് വമ്പന്‍ ടീമുകളാണ് കൊച്ചിയിലേക്ക് വരുന്നത്. നാല് ടീമുകളും ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസം തന്നെ മൈതാനത്തിറങ്ങുമ്പോള്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശം കൊടികയറും. ഒക്ടോബര്‍ ഏഴിന് ബ്രസീല്‍ സ്‌പെയിനുമായി കളിക്കുമ്പോള്‍ അന്ന് രാത്രി കൊറിയയും നൈജറും കളിക്കും. അണ്ടര്‍-17 ലോകകപ്പില്‍ ബ്രസീലിന് മെച്ചപ്പെട്ട ചരിത്രമില്ലെങ്കിലും ലോക ഫുട്‌ബോളിലെ രാജാക്കന്മാരുടെ കളി കാണാനുള്ള ഭാഗ്യമാണ് ഇന്ത്യയിലെ, വിശിഷ്യ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ലഭിക്കുന്നത്. ഡി ഗ്രൂപ്പിലെ മല്‍സരങ്ങളെല്ലാം കൊച്ചിയില്‍ നടക്കുന്നതിനാല്‍ മൂന്ന് തവണ ബ്രസീല്‍ സംഘത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കാണാം. സ്‌പെയിനും മികച്ച സംഘത്തെയാണ് അയക്കുന്നത്. ഈയിടെ നടന്ന യുവേഫ അണ്ടര്‍ 17 ഫുട്‌ബോളില്‍ സ്‌പെയിന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. 2013 ല്‍ യു.എ.ഇയില്‍ നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ചാമ്പ്യന്മാരായ നൈജീരിയക്കാരെ മറിച്ചിട്ടാണ് നൈജര്‍ ഇത്തവണ യോഗ്യത നേടിയിരിക്കുന്നത്. ഉത്തര കൊറിയക്കാരും സമീപകാലത്ത് മികച്ച പ്രകടനമാണ് രാജ്യാന്തര തലത്തില്‍ കളിക്കുന്നത്. ഈ മല്‍സരങ്ങളെല്ലാം മലയാളികള്‍ക്ക് കാണാം.

chandrika: