X

സൂപ്പര്‍ കപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മലപ്പുറത്ത് ഇന്ന് തുടക്കം

മഞ്ചേരി : മലപ്പുറം ജില്ലയിലേക്ക് ആദ്യമായി വിരുന്നെത്തുന്ന ഹീറോ സൂപ്പര്‍ കപ്പിന്റെ യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഈ മാസം ഒന്‍പതിനാണ് സൂപ്പര്‍കപ്പ് ഗ്രൂപ്പ്ഘട്ട മാച്ചുകള്‍ ആരംഭിക്കുന്നത്. യോഗ്യത മത്സരങ്ങള്‍ മുഴുവന്‍ നടക്കുന്നത് പയ്യനാട് സ്റ്റേഡിയത്തിലാണ്. ഇന്ന് വൈകീട്ട് 8.30 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ എഫ്.സി യും നെരോക്ക എഫ്.സി യും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

ആകെ പതിനാറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ നിലവില്‍ പന്ത്രണ്ട് ടീമുകള്‍ യോഗ്യത നേടിയിട്ടുണ്ട്. ഇതില്‍ പതിനൊന്ന് ടീമുകള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടീമുകളാണ്. ഐലീഗ് ചാമ്പ്യന്‍മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബും യോഗ്യത നേടിയവരുടെ കൂട്ടത്തിലാണ്. ഐ ലീഗില്‍ നിന്നും തിരഞ്ഞെടുക്കുന്ന ശേഷിക്കുന്ന നാല് ടീമുകള്‍ക്ക് വേണ്ടിയുള്ള യോഗ്യത മത്സരമാണ് ഇന്ന് ആരംഭിക്കുന്നത്. മലബാറിയന്‍സ് എന്ന വിളിപ്പേരുളള കേരളത്തിന്റെ ഗോകുലം എഫ്.സിയും യോഗ്യത മത്സരത്തിനിറങ്ങുന്നുണ്ട്. വ്യാഴാഴ്ച രാത്രി നടക്കുന്ന കളിയില്‍ കരുത്തരായ മുഹമ്മദന്‍സാണ് ഗോകുലത്തിന്റെ എതിരാളികള്‍.

രാജ്യത്തെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ പന്ത് തട്ടാനെത്തുന്ന ടൂര്‍ണമെന്റിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പ്രാക്ടീസിന് വേണ്ടി സജ്ജമാക്കിയ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഇന്നലെ മുതല്‍ ടീമുകള്‍ പരിശീലനം നടത്തി തുടങ്ങിയിട്ടുണ്ട്.

ആരാധക പിന്തുണ കൊണ്ട് ചരിത്രത്തില്‍ ഇടംപിടിച്ച കാല്‍പന്തുകളിയുടെ ഹൃദയ ഭൂമിയില്‍ ഒരിക്കല്‍ കൂടി ഫുട്‌ബോള്‍ മാമാങ്കമെത്തുമ്പോള്‍ വലിയ ആരാധക പ്രവാഹമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ടിക്കറ്റെടുത്തിട്ടും കളികാണാന്‍ കഴിഞ്ഞില്ലെന്ന പരാതി വ്യാപകമായിരുന്നു. അതിനാല്‍ ഇത്തവണ അത്തരം പരാതികള്‍ ഇല്ലാതിരിക്കാന്‍ ഗ്യാലറി കപ്പാസിറ്റി അനുസരിച്ച് മാത്രമേ ടിക്കറ്റ് നല്‍കുകയുള്ളൂ എന്ന് സംഘാടകര്‍ അറിയിച്ചു. ടിക്കറ്റുകള്‍ ‘ബുക്ക് മൈ ഷോ’ ഓണ്‍ലൈന്‍ വഴിയും ഓഫ്ലൈനിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സ്റ്റേഡിയത്തിലും ഓഫ്ലൈന്‍ ടിക്കറ്റുകള്‍ക്കുളള സംവിധാനം ഉണ്ടായിരിക്കും.

webdesk11: