മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പിലെ കലാശപ്പോരാട്ടത്തില്‍ ബാഴ്‌സലോണയെ അട്ടിമറിച്ച് അത്‌ലറ്റിക്ക് ബില്‍ബാവോയ്ക്ക് കിരീടം. അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബില്‍ബാവോയുടെ ജയം. മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി. ബാഴ്‌സലോണ കരിയറില്‍ ഇതാദ്യമായാണ് മെസ്സിക്ക് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വരുന്നത്.
ബാഴ്‌സയുടെ രണ്ടു ഗോളുകളും നേടിയത് അന്റോയ്ന്‍ ഗ്രീസ്മാനായിരുന്നു. ഓസ്‌കാര്‍ ഡി മാര്‍ക്കോസ്, ഏസിയര്‍ വില്ലാലിബ്രെ, ഇനാകി വില്യംസ് എന്നിവരാണ് ബില്‍ബാവോയ്ക്കായി സ്‌കോര്‍ ചെയ്തത്. ബില്‍ബാവോയുടെ മൂന്നാം സൂപ്പര്‍ കപ്പ് കിരീടമാണിത്. 1984, 2015 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് ടീം കിരീടമണിഞ്ഞത്.
40ാം മിനിറ്റില്‍ ഗ്രീസ്മാനിലൂടെ ആദ്യം ലീഡെടുത്തത് ബാഴ്‌സയായിരുന്നു. രണ്ടു മിനിറ്റിന് ശേഷം മാര്‍ക്കോസിലൂടെ ബില്‍ബാവോ സമനില പിടിച്ചു. ഇതിനിടെ 57ാം മിനിറ്റില്‍ ബില്‍ബാവോ ഗോള്‍ നേടിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡ് വിധിക്കുകയായിരുന്നു.
പിന്നാലെ 77ാം മിനിറ്റില്‍ ബാഴ്‌സ വീണ്ടും ലീഡെടുത്തു. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ വില്ലാലിബ്രെയിലൂടെ ബില്‍ബാവോ വീണ്ടും ഒപ്പമെത്തി. അധികസമയത്തേക്ക് നീണ്ട മത്സരത്തിന്റെ 93ാം മിനിറ്റില്‍ വില്യംസിലൂടെ ബില്‍ബാവോ വിജയ ഗോള്‍ നേടി.