X

സൂപ്പര്‍ കപ്പ് ഫൈനല്‍ നാളെ കോഴിക്കോട്; ബെംഗളൂരു എഫ്.സി.യും ഒഡീഷ എഫ്.സി.യും ഏറ്റുമുട്ടും

മഞ്ചേരി: സൂപ്പര്‍ കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ ബെംഗളൂരു എഫ്.സി.യും ഒഡീഷ എഫ്.സി.യും ഏറ്റുമുട്ടും. പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-1 ന് കീഴടക്കിയാണ് ഒഡീഷ ഫൈനലില്‍ പ്രവേശിച്ചത്.രണ്ടാം മിനുറ്റില്‍ തന്നെ ഗോള്‍ നേടി നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് ലീഡ് നെടിയെങ്കിലും മൂന്നു ഗോള്‍ തിരിച്ചടിച്ച് ഒഡീഷ കലാശപോരിന് യോഗ്യത നേടി. ഒഡീഷക്കായി നന്ദകുമാര്‍(10, 63), ഡീഗോ മൗറീഷ്യോ(83) എന്നിവര്‍ സ്‌കോര്‍ ചെയ്തു. നോര്‍ത്ത് ഈസ്റ്റിനായി വില്‍മര്‍ ജോര്‍ദാന്‍ ഗില്‍ (2) ആണ് ഗോള്‍ നേടിയത്. കോഴിക്കോട് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയില്‍ ചര്‍ച്ചിലിനെതിരേ നാലു ഗോള്‍ നേടി ടീമിനെ സെമിയിലെത്തിച്ച ഗില്‍ അതേ ആവേശം പയ്യനാടും കാണിച്ചു. തൃശ്ശൂര്‍ക്കാരന്‍ എം.എസ്. ജിതിന്‍ ബോക്സിന്റെ വലതു ഭാഗത്ത് നിന്ന് കൊടുത്ത ക്രോസ് ക്യാപ്റ്റന്‍ ജോര്‍ദാന്‍ വലയിലാക്കി. ഒരു മിനിറ്റ് തികയും മുന്‍പേ പോസ്റ്റില്‍ ഗോള്‍ വീണ ഞെട്ടലിലായി ഒഡീഷ താരങ്ങള്‍. നിരന്തരം ആക്രമണങ്ങള്‍ക്ക് ഫലമുണ്ടായി. 10ാം മിനിറ്റില്‍ ഒഡീഷ ഗോള്‍ മടക്കി. വലതു മൂലയില്‍ നിന്ന് ജെറി മാവിമിങ് താങ നല്‍കിയ മികച്ച ക്രോസ് നന്ദകുമാര്‍ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. 63ാം മിനിറ്റില്‍ ഒഡീഷക്കായി നന്ദകുമാര്‍ രണ്ടാം ഗോള്‍ നേടി. ബോക്സില്‍ നിന്ന് നന്ദകുമാര്‍ നല്‍കിയ പാസ് വിക്ടര്‍ റോഡിഗ്രസ് തിരിച്ചു നല്‍കി. ഗോളി മിര്‍ഷാദ് മാത്രം മുന്‍പില്‍ നില്‍ക്കേ തൊടുത്ത ഷോട്ട് ബാറ് കുലുക്കി വലയിലെത്തി. 83ാം മിനിറ്റിലാണ് മൂന്നാം ഗോള്‍ പിറന്നത്. ബോക്സിനു പുറത്ത് നിന്ന് കിട്ടിയ പന്ത് ഡീഗോ ഒട്ടും ചിന്തിക്കാതെ വലയിലാക്കി.

കോഴിക്കോട്ട് നടന്ന ആദ്യ സെമിയില്‍ രണ്ട് ഗോളിന് ജംഷഡ്പൂര്‍ എഫ്.സിയെ കീഴടക്കിയാണ് ബെംഗളൂരു ഫൈനലിലെത്തിയത്. പകരക്കാരനായി ഇറങ്ങിയ ജയേഷ് റാണ(67), ക്യാപ്റ്റന്‍ സുനില്‍ഛേത്രി(83) എന്നിവരാണ് ബെംഗളൂരുവിനായി ഗോള്‍ നേടിയത്. കളിയുടെ തുടക്കം മുതല്‍ ആക്രമണ പ്രത്യാക്രമണവുമായി ഇരുടീമുകളും മുന്നേറികളിച്ചെങ്കില്‍ രണ്ടാംപകുതിയില്‍ ബെംഗളൂരുവരുത്തിയ മാറ്റങ്ങളാണ് വിജയത്തില്‍ നിര്‍ണായകമായത്. ജയത്തോടെ ഈസീസണില്‍ മൂന്നാംഫൈനലിലേക്കാണ് ഛേത്രിയും സംഘവും പ്രവേശിച്ചത്. നേരത്തെ ഡ്യൂറണ്ട് കപ്പ് കിരീടംനേടിയ ടീം ഐ.എസ്.എല്‍ ഫൈനലിസ്റ്റുകളുമാണ്. നാളെ രണ്ടാം കിരീടമാണ് ബെംഗളുരു കോഴിക്കോട് ലക്ഷ്യമിടുന്നത്.

webdesk11: