കോഴിക്കോട്: സൂപ്പര്‍കപ്പ് ഫുട്ബോള്‍ കിരീടത്തില്‍ മുത്തമിട്ട് ഒഡീഷ എഫ്.സി. മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ആദ്യമായി സൂപ്പര്‍കപ്പ് കിരീടം ചൂടിയത്. ബ്രസീല്‍താരം ഡിയേഗോ മൗറീഷ്യ(23,38) ഒഡീഷക്കായി ഇരട്ടഗോള്‍നേടി. പെനാല്‍റ്റിയിലൂടെ സുനില്‍ഛേത്രി(85)ബെംഗളൂരുവിനായി ആശ്വാസഗോള്‍ കണ്ടെത്തി.
സൂപ്പര്‍കപ്പില്‍ തോല്‍വിയറിയാതെയെത്തിയ ഒഡീഷയുടെ ആദ്യത്തെ പ്രധാനകിരീടനേട്ടമാണിത്. ഐ.എസ്.എല്‍ ഫൈനലില്‍ എ.ടി.കെ മോഹന്‍ബഗാനോട് തോറ്റ ബെംഗളൂരു ഈസീസണിലെ രണ്ടാംഫൈനല്‍തോല്‍വിനേരിടേണ്ടിവന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വില്‍മെര്‍ ജോര്‍ദ്ദാന്‍ഗില്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറായി. ഒഡീഷന്‍താരം ഡിയേഗോ മൗറീഷ്യയെ ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗോള്‍ഡണ്‍ ഗ്ലൗ പുരസ്‌കാരത്തിന് അമരീന്ദര്‍സിംഗിനെ(ഒഡീഷ)തെരഞ്ഞെടുത്തു.
23ാം മിനിറ്റില്‍ കളിയുടെ ഗതിമാറ്റികൊണ്ട് ആദ്യ ഗോളെത്തി. ഒഡീഷ സ്ട്രൈക്കര്‍ ഡിയേഗോ മൗറീഷ്യയെ ബോക്സിന് തൊട്ടുപുറത്ത്വെച്ച് സുരേഷ്സിംഗ് ഫൗള്‍ചെയ്തതിന് ലഭിച്ച ഫ്രീകിക്കാണ് ആദ്യഗോളിന് വഴിയൊരുക്കിയത്. ഫ്രീകിക്കെടുത്ത മൗറീഷ്യയുടെ ദുര്‍ബലമായകിക്ക് പിടിക്കുന്നതില്‍ ബോംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന് പിഴച്ചു. കളിക്ക് മുന്‍പ് പെയ്ത മഴയില്‍ ഗ്രൗണ്ടിലെ ഈര്‍പ്പംനിലനിന്നതുകാരണം പന്ത് കൈവഴുതി വലയില്‍കയറി(1-0). 38ാം മിനിറ്റില്‍ മികച്ച ടീം ഗെയിമിലൂടെ ഒഡീഷ രണ്ടാമതും ബെംഗളൂരുവലകുലുക്കി. മൈതാന മധ്യത്തില്‍ നിന്ന് സ്പാനിഷ് താരം വിക്ടര്‍ റോഡ്രിഗസ് ഉയര്‍ത്തിനല്‍കിയ ലോംഗ് ബോള്‍ മുന്നേറ്റതാരം ജെറി ഡൈവിംഗ് ഹെഡ്ഡറിലൂടെ സെക്കന്റ് ബോക്സിലേക്ക് തിരിച്ചുവിട്ടു. രണ്ട് ബെംഗളൂരു പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ ലഭിച്ച ബോള്‍ പോസ്റ്റിലേക്ക് തിരിച്ചുവിട്ട് ഡിയേഗോ മൗറീഷ്യ ലീഡ് രണ്ടാക്കിയുയര്‍ത്തി.(2-0)
83ാം മിനിറ്റില്‍ ഒഡീഷയുടെ അന്‍കീത് യാദവ് ബോക്സില്‍വെച്ച് ബെംഗളൂരുതാരം ശിവശക്തിയെ ഫൗള്‍ചെയ്തതിന് ബെംഗളൂരുവിന് അനുകൂലമായി പെനാല്‍റ്റിവിധിച്ചു. കിക്കെടുത്ത സുനില്‍ഛേത്രി പന്ത് അനായാസം വലയിലാക്കി(2-1). അവസാനമിനിറ്റുകളില്‍ ബെംഗളൂരു സമനിലപിടിക്കാനായി തുടരെ ആക്രമിച്ചുകളിച്ചെങ്കിലും പ്രതിരോധകോട്ടകെട്ടിയാണ് ഒഡീഷ നേരിട്ടത്.