പെട്ടെന്ന് പടരുന്ന അപകടകാരിയായ ഫംഗസിനെ തെക്കന്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ തീരത്തു നിന്നു ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഒരു ആന്റി ഫംഗല്‍ മരുന്നകളോടും പ്രതികരിക്കാത്ത കാന്‍ഡിഡ ഓറിസ് എന്നു പേരുള്ള ഫംഗസിനെയാണ് ആന്‍ഡമാന്‍ ദ്വീപില്‍ നിന്ന് കണ്ടെത്തിയത്. മരുന്നുകളെ ചെറുക്കാനുള്ള ഈ ശേഷി മൂലം സൂപ്പര്‍ബഗ് എന്നാണ് ഇതിനെ ശാസ്ത്രജ്ഞര്‍ അനൗദ്യോഗികമായി വിശേഷിപ്പിക്കുന്നത്. മനുഷ്യനില്‍ അതിമാരകമായേക്കാവുന്ന അപകടകാരിയായ ഫംഗസാണ് സൂപ്പര്‍ബഗ്.
12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജപ്പാനിലെ ഒരു ആശുപത്രിയിലാണ് ഈ ഫംഗസിനെ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഇതു മൂന്ന് ഭൂഖണ്ഡങ്ങളിലെ വിവിധ മേഖലകളിലും കാണപ്പെട്ടു. കൂടുതല്‍ തവണയും കണ്ടെത്തിയത് ആശുപത്രികളില്‍ നിന്നായതിനാല്‍ ഹോസ്പിറ്റല്‍ ഫംഗസ് എന്നും ഇതിനു വിളിപ്പേരുണ്ടായിരുന്നു. പെട്ടെന്നു പടരാനുള്ള കരുത്ത് ഇവയെ അപകടകാരികളാക്കുന്നു. ആശുപത്രികളിലും മറ്റും ഇവയെ കണ്ടെത്തി കഴിഞ്ഞാല്‍ നിയന്ത്രണം പാടുള്ള കാര്യമാണെന്ന് രാജ്യാന്തര ആരോഗ്യ വിദഗ്ധന്‍ ഡോ. ആര്‍ട്യൂറോ കാസഡെവാല്‍ പറയുന്നു. 2019ല്‍ പൊതുജനാരോഗ്യത്തിനു മേലുള്ള ഒരു വലിയ ഭീഷണിയായി ഓറിസ് ഫംഗസിനെ യുഎസിലെ സെന്‌റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിശേഷിപ്പിച്ചിരുന്നു.
കത്തീറ്ററുകള്‍, ശ്വസനസഹായികള്‍, ഫീഡിങ് ട്യൂബുകള്‍ എന്നിവ ഉപയോഗിക്കുന്ന രോഗികളുടെ രക്തത്തിലാണ് ഭയങ്കരമായ അണുബാധ സൃഷ്ടിച്ച് ഇവ മാരകമാകുന്നത്. മരുന്നുകള്‍ ഫലിക്കാതെ വരുന്നതിനാല്‍ ഇതു ചികില്‍സിക്കാനും ബുദ്ധിമുട്ടാണ്. രോഗികളില്‍ നിന്ന് പുറത്തുചാടി അന്തരീക്ഷത്തിലും കെട്ടിട ഉപരിതലങ്ങളിലുമൊക്കെ നിലനില്‍ക്കാനും ഇതിനു ശേഷിയുണ്ട്.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മൈക്കോളജിസ്റ്റായ ഡോ. ആനുരാധ ചക്രവര്‍ത്തിയും സംഘവുമാണ് ആന്‍ഡമാനില്‍ നിന്നു ഫംഗസിനെ കണ്ടെത്തിയത്. ആന്‍ഡമാനിലെ രണ്ട് മനുഷ്യവാസമില്ലാത്ത ദ്വീപുകളിലെ തീരങ്ങളില്‍ നിന്നു ആളുകള്‍ പോകുന്ന ഒരു ബീച്ചില്‍ നിന്നുമുള്ള മണല്‍ത്തരികള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടന്നത്. ഇതാദ്യമായാണ് ഈ ഫംഗസിനെ പ്രകൃതിയില്‍ കണ്ടെത്തിയത്.
ബീച്ചില്‍ നിന്നുമുള്ള സാംപിളുകളില്‍ അടങ്ങിയിട്ടുള്ള ഫംഗസ് നേരത്തെ ലോകത്തു പല സ്ഥലങ്ങളിലും കണ്ടെത്തിയ ഫംഗസിന്റെ അതേ വകഭേദമാണ്. എന്നാല്‍ മനുഷ്യവാസമില്ലാത്ത തീരങ്ങളില്‍ നിന്നു കണ്ടെത്തിയവയ്ക്ക് വ്യത്യാസമുണ്ട്. ഈ ഫംഗസിനെപ്പറ്റി ഒരുപാട് ഗവേഷണം നടത്തിയിട്ടുള്ള ഡോ. ആര്‍ട്യൂറോ കാസഡെവാല്‍ പൊടുന്നനെ ഇവ എങ്ങനെ മനുഷ്യരില്‍ പ്രത്യക്ഷപ്പെട്ടു എന്നതിനെക്കുറിച്ച് ഒരു സിദ്ധാന്തം മുന്നോട്ടുവച്ചിട്ടുണ്ട്. ആഗോളതാപനമാണ് ഡോ. കാസഡെവാല്‍ ഇതിനു കാരണമായി പറയുന്നത്. ആദ്യകാലത്ത് ഈ ഫംഗസിനു മനുഷ്യശരീരത്തില്‍ സ്ഥിതി ചെയ്യുക പ്രയാസമായിരുന്നു.
മനുഷ്യശരീരത്തിന്റെ ഉയര്‍ന്ന താപനില ചെറുക്കാന്‍ കഴിവില്ലാത്തതായിരുന്നു പ്രശ്‌നം. എന്നാല്‍ ആഗോളതാപനത്തിന്റെ ഭാഗമായി പ്രകൃതിയില്‍ ഉയര്‍ന്ന താപനിലയ്ക്ക് അനുസൃതമായി ഫംഗസും സ്വയം മാറി. ഇതോടെ മനുഷ്യ ശരീര താപനില ഇതിന് സാധാരണമായി മാറി. തുടര്‍ന്നാണ് ഈ ഫംഗസ് മനുഷ്യരിലേക്ക് എത്താന്‍ തുടങ്ങിയതെന്ന് ഡോ. കാസഡെവാല്‍ പറയുന്നു.
എന്നാല്‍ ആന്‍ഡമാന്‍ ദ്വീപുകളില്‍ ഇവ എങ്ങനെയെത്തിയെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമായിട്ടില്ല. ബീച്ചില്‍ നിന്നു കണ്ടെത്തിയ ഫംഗസ് സ്‌ട്രെയിനുകള്‍ അവിടെ സന്ദര്‍ശിച്ച വിനോദസഞ്ചാരികളില്‍ നിന്നു എത്തിയതാകാമെന്നും മനുഷ്യവാസമില്ലാത്ത തീരത്ത് കണ്ടെത്തിയവ ബീച്ചില്‍ നിന്ന് കടല്‍വെള്ളത്തില്‍ ഒഴുകി അവിടെയെത്തിയതാകാമെന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം.