ന്യൂഡല്‍ഹി: നാസ ബഹിരാകാശ യാത്രികയായ സുനിത വില്യംസ് ഇസ്ലാമതം സ്വീകരിച്ചുവെന്ന തരത്തിലുള്ള വീഡിയോ പ്രചരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലാണ് സുനിത ഇസ്ലാംസ്വീകരിച്ചുവെന്നുള്ള പ്രചാരണം. എന്നാല്‍ ഇത് സത്യമല്ലെന്നും വ്യാജപ്രചരണമാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്വേഷണത്തില്‍ പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞെന്നും വര്‍ഷങ്ങളായി ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുനിത വില്യംസിന്റെ അച്ഛന്‍ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയുമാണ്. ബഹിരാകാശ യാത്ര നടത്തിയ സുനിത എന്തിന് ഇസ്ലാം മത വിശ്വാസിയാകണമെന്നായിരുന്നു അവരുടെ സുഹൃത്തിന്റെ പ്രതികരണം. നാസയില്‍ നടത്തിയ അന്വേഷണത്തിലും സുനിത അവര്‍ ഇസ്ലാമിലേക്ക് മാറിയിട്ടില്ലെന്നും ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ, 2010ലും ഇത്തരത്തിലുള്ള പ്രചാരണം നടന്നിരുന്നു. അന്നും ഇത് വ്യാജമാണെന്ന് അവര്‍ അറിയിച്ചിരുന്നു. 2016-ല്‍ എന്‍ഡി.ടിവിക്ക്ക നല്‍കിയ അഭിമുഖത്തിലും വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സുനിത വ്യക്തമാക്കിയിരുന്നു.
ബംഗാളി ഭാഷയില്‍ മക്ക മദീന എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രചാരണം. ബംഗാളിയിലാണ് വീഡിയോയും നിര്‍മിച്ചിരിക്കുന്നത്. വീഡിയോ രണ്ട് ലക്ഷത്തിലേറെ ആളുകള്‍ കാണുകയും 11,000ത്തിലെ പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.