X

ക്യാപ്റ്റനായി കോഹ്‌ലിക്ക് വീണ്ടുമെങ്ങനെ തുടരാനാവും ; വിമര്‍ശനവുമായി ഗവാസ്‌കര്‍

മുംബൈ: ബിസിസിഐയ്ക്കും ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്കുമെതിരെ വിമര്‍ശനവുമായി ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീം തിരഞ്ഞെടുത്ത രീതിക്കെതിരെയാണ് ഗവാസ്‌കര്‍ വിമര്‍ശനം ഉന്നയിച്ചത്.

ഇന്ത്യന്‍ ടീമിെന്റ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ചേര്‍ന്ന് ഷെയര്‍ ചെയ്‌തേക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഏകദിനത്തില്‍ രോഹിത് ടീമിനെ നയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നായകന്‍ വിരാടും ഉപനായകന്‍ രോഹിതും രണ്ട് ചേരിയിലാണെന്നും വാര്‍ത്തകള്‍ വന്നു. ഇതും ടീം മാനേജ്‌മെന്റ്് തള്ളിക്കളഞ്ഞു.

ഇതിനിടെയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെയും സെലക്ടര്‍മാര്‍ക്കെതിരെയും തുറന്നടിച്ച് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തിയിരിക്കുന്നത്. എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ടീം സെലക്ഷന്‍ കമ്മിറ്റി അമിത വിധേയത്വം കാണിക്കുകയാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

‘വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിന്റെ ക്യാപ്റ്റനായി കോഹ്‌ലിയെ തിരഞ്ഞെടുത്തത് ഒരു മീറ്റിങ് പോലും നടത്താതെയാണ്. ഇത് വിരാട് സ്വന്തം ആഗ്രഹപ്രകാരമാണോ സമിതിയുടെ ഇഷ്ടപ്രകാരമാണോ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുന്നതെന്ന സംശയം ഉയര്‍ത്തുന്നു. വിരാടിന്റെ കാലാവധി ലോകകപ്പ് വരെയായിരുന്നുവെന്നാണ് എന്റെ അറിവ്. അതിന് ശേഷം വീണ്ടും നിയമിക്കണമെങ്കില്‍ സമിതി യോഗം ചേരണമെന്നാണ്’ ഗവാസ്‌കര്‍ പറഞ്ഞു.

‘ദിനേശ് കാര്‍ത്തികിനെയും കേദാര്‍ ജാദവിനെയും പോലുള്ള താരങ്ങള്‍ മോശം പ്രകടനത്തിന്റെ പേരില്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെടുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വെക്കാത്തതിന് ടീം നായകനും ഉത്തരവാദിത്വം ഉണ്ട്. പ്രത്യേകിച്ച് ഫൈനലില്‍ പോലും എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Test User: