ബംഗളൂരു: മൂന്ന് തകര്‍പ്പന്‍ ഗോളുകള്‍. സുനില്‍ ഛേത്രി അരങ്ങ് തകര്‍ത്ത ദിവസത്തില്‍ പൂനെക്കാര്‍ക്ക് തോല്‍വി മാത്രമായിരുന്നു രക്ഷ. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 3-1ന്റെ ഉഗ്രവിജയവുമായി ബംഗളൂരു എഫ്‌സി ഫൈനലിലെത്തി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക്കോടെയായിരുന്നു ബംഗളൂരുവിന്റെ ഫൈനലിലേക്കുള്ള യാത്ര. 15, 65, 89 മിനുട്ടുകളിലാണ് ഛേത്രി ഗോളുകള്‍ നേടിയത്. പൂനെയുടെ ഗോള്‍ ജോനാഥന്‍ ലൂക്കയുടെ(82) വകയായിരുന്നു. ഇതാദ്യമായാണ് ഇരു ടീമുകളും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിയില്‍ എത്തുന്നത്. അതിനാല്‍ ഫൈനലിലേക്ക് എത്തുക എന്നത് ആഗ്രഹത്തില്‍ കടുത്ത പോരാട്ടമാണ് ഇരുവരും നടത്തിയത്. പൂനെയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. ആരാധകരുടെ നിറഞ്ഞ പിന്തുണയോടെ ക്യാപ്റ്റന്‍ ഛേത്രി സ്വന്തം തോളിലേറ്റിയാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
കളിയുടെ തുടക്കത്തില്‍ തന്നെ ഇരു ടീമുകളും ആക്രമണത്തില്‍ ശ്രദ്ധയൂന്നിയാണ് കളിച്ചത്. ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞതായിരുന്നു ഒന്നാം പകുതി. 13ാം മിനുട്ടില്‍ പൂനെയ്ക്ക് ഒരവസരം കൂടി നഷ്ടപ്പെട്ടു. മാര്‍ക്കോ സ്റ്റാന്‍കോവിച്ചിന്റെ ഷോട്ടും ഗുര്‍പ്രീത് രക്ഷപ്പെടുത്തി. 15ാം മിനുട്ടില്‍ പൂനെ ഗോളി വിശാല്‍ കെയ്തിന്റെയും പ്രതിരോധത്തിന്റെയും പിഴവില്‍ ബംഗളൂരു ഗോള്‍ നേടി. ഇത്തവണയും ഉദാന്തഛേത്രി കൂ്ട്ടുകെട്ടാണ് ഗോളിലേക്ക് വഴി തുറന്നത്. വലതു ‘ാഗത്ത് നിന്നും ഉദാന്ത ഉയര്‍ത്തി കൊടുത്ത പന്തില്‍ ഛേത്രി തലവെച്ചു. ഗോളി കെയ്ത്ത് പന്തിന് പുറകെ ചാടിയെങ്കിലും പ്രതിരോധത്തിലെ ഗുര്‍തേജ് സിങ്ങിനെ ഇടിച്ചു വീണു. ഇവര്‍ക്കിടയില്‍ നിലത്ത് വീണ പന്ത് നേരെ വലയില്‍ കയറി. ഒരു ഗോളിന് പിന്നിലയാതോട പൂനെ ആക്രമണത്തിന്റെ ശക്തി വര്‍ധിപ്പിച്ചു. പൂനെ രണ്ടാം പകുതി വര്‍ധിത വീര്യത്തോടെയാണ് തുടങ്ങിയത്. നിരന്തരം അവര്‍ ബംഗളൂരിവിന്റെ ബോക്‌സില്‍ സമ്മര്‍ദ്ദം ചെലുത്തി. ഓരോ അവസരങ്ങളും അവര്‍ പാഴാക്കി കൊണ്ടിരിക്കെയാണ് ബംഗളൂരിവിന് ഒരു പെനാള്‍ട്ട് ലഭിക്കുന്നത്. ബോക്‌സിലൂടെ മുന്നേറിയ ഛേത്രിയെ പൂനെയുടെ സാര്‍ത്ഥക് പിടിച്ചു തള്ളി വീഴ്ത്തിയതിന് കിട്ടിയ ശിക്ഷ. ഗോളി കെയ്ത് വലതു വശത്തേക്ക് ചാടുമ്പോള്‍ ഛേത്രിയുടെ കിക്ക് അദ്ദേഹത്തിന് മുകളിലൂടെ വലയിലേക്ക് കയറി.
82ാം മിനുട്ടില്‍ പൂനെ ഗോളടിച്ചു. ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ജോനാഥന്‍ ലൂക്ക് വലയില്‍ എത്തിക്കുകയാണുണ്ടായത്. ഒരു ഗോള്‍ വീണതോടെ സടകുടഞ്ഞെണീറ്റ പൂനെ ഒന്നിച്ച് ആക്രമണത്തിന് മുതിര്‍ന്നതോടെ ബംഗളൂരുവിന്റെ ബോക്‌സില്‍ വീണ്ടും സമ്മര്‍ദ്ദമായി.
എന്നാല്‍ ഈ തക്കം മുതലെടുത്ത് ഒരു പ്രത്യാക്രമണത്തിലൂടെ സുനില്‍ ഛേത്രി തന്റെ മൂന്നാം ഗോളും നേടി ബംഗളൂരുവിനെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ എത്തിച്ചു. ഛേത്രിയാണ് കളിയിലെ കേമന്‍.