ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുനില്‍ അറോറയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ഡിസംബര്‍ രണ്ടിന് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കും.
നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓംപ്രകാശ് റാവത്ത് വിരമിക്കുന്ന ഒഴിവിലേക്കാണ് അറോറയുടെ നിയമനം. രാജസ്ഥാന്‍ കേഡറിലെ 1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അറോറ. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് അദ്ദേഹം.
2017 സെപ്തംബറിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായി അറോറയെ നിയമിക്കുന്നത്. ധനകാര്യം, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയ മന്ത്രാലയങ്ങളിലും പ്ലാനിങ് കമ്മീഷനിലും ഉന്നതപദവി വഹിച്ച അറോറ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി, തൊഴില്‍ നൈപുണ്യ വികസന വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.