ഗുര്‍ദാസ്പൂര്‍: ഗുര്‍ദാസ്പൂരിലെ ഉജ്ജ്വല വിജയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജാഖര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണ് ജനവിധിയെന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണ് ജനവിധി. സര്‍ക്കാറിന്റെ നയങ്ങളോട് തങ്ങള്‍ക്കുള്ള എതിര്‍പ്പ് ഗുരുദാസ്പൂര്‍ ജനത വ്യക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഗുര്‍ദാസ്പൂരില്‍ 1,93,219 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുനില്‍ ജാഖര്‍ വിജയിച്ചത്. ബോളിവുഡ് താരവും ബിജെപി നേതാവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഗുര്‍ദാസ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1,36,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിനോദ ഖന്ന ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കാന്‍ പോകുന്ന ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കുള്ള ദിപാവലി സമ്മാനമാണ് ഗുരുദാസ്പൂര്‍ വിജയമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് നവജോത് സിദ്ധുവിന്റെ പ്രതികരണം. അകലാദള്‍- ബി.ജെ.പി കൂട്ടുകെട്ടിന്റെ മുഖത്തേറ്റ അടിയാണിത്. ഗുരുദാസ്പൂര്‍ ആ കൂട്ടുകെട്ടിനെ പാക്കുചെയ്ത് തിരിച്ചയച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ അടുത്ത അനുയായിയായ ജാഖര്‍ കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായിരുന്നു. ലോക്സഭാ മുന്‍ സ്പീക്കര്‍ ബല്‍റാം ജാഖറിന്റെ മകനാണ് സുനില്‍.