ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബ് സണ്ടര്‍ലാന്റ് വില്‍പ്പനക്ക്. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനായ ചാമ്പ്യന്‍ഷിപ്പില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് ‘ബ്ലാക്ക് ക്യാറ്റ്‌സ്’ എന്നു വിളിപ്പേരുള്ള ക്ലബ്ബിനെ ഉടമ എല്ലിസ് ഷോര്‍ട്ട് വില്‍പ്പനക്കു വെച്ചത്. 50 ദശലക്ഷം പൗണ്ട് (452 കോടി രൂപ) ആണ് ഉടമ ആവശ്യപ്പെടുന്നതെങ്കിലും സണ്ടര്‍ലാന്റിനെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ക്ലബ്ബിന്റെ കടം കൂടി ഏറ്റെടുക്കേണ്ടി വരും. 2016-ലെ കണക്കു പ്രകാരം 136.6 ദശലക്ഷം പൗണ്ട് ആണ് ക്ലബ്ബിന്റെ കടം.
24 ടീമുകളുള്ള ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ടന്‍ വാണ്ടറേഴ്‌സിനോട് തോറ്റതോടെയാണ് സണ്ടര്‍ലാന്റ് അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. സമീപ കാലത്ത് പ്രീമിയര്‍ ലീഗ് വരെ കളിച്ചിട്ടുള്ള ക്ലബ്ബ് മൂന്നാം ഡിവിഷനായ ലീഗ് വണ്ണിലേക്ക് തരംതാഴ്ത്തപ്പെടാനുള്ള സാധ്യത ഏറെയാണ്. ചാമ്പ്യന്‍ഷിപ്പില്‍ തുടരാനുള്ള സാധ്യത ഏറെക്കുറെ അവസാനിക്കുകയും കടം പെരുകുകയും ചെയ്തതോടെയാണ് അമേരിക്കന്‍ വ്യവസായിയായ എല്ലിസ് ഷോര്‍ട്ട് ക്ലബ്ബിനെ കയ്യൊഴിയാനുള്ള തീരുമാനമെടുത്തത്. ആരാധകരുടെ ശക്തമായ പ്രതിഷേധവും ഈ തീരുമാനത്തിനു പിന്നിലുണ്ട്.
140 വര്‍ഷം പഴക്കമുള്ള ക്ലബ്ബിനെ എല്ലിസ് ഷോര്‍ട്ട് കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ ആരാധകര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എല്ലിസ് ക്ലബ്ബ് വില്‍ക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഓണ്‍ലൈന്‍ പെറ്റീഷനില്‍ ആയിരക്കണക്കിന് ആരാധകര്‍ ഒപ്പുവെച്ചു. ക്ലബ്ബിനെ ബഹുമാനിക്കുന്ന ഒരാള്‍ വാങ്ങാന്‍ മുന്നോട്ടു വരുന്നതു വരെ ക്ലബ്ബിലെ ദൈനംദിന കാര്യങ്ങള്‍ സുതാര്യമായി നടത്തണമെന്നും ആരാധകരെ മുഖവിലക്കെടുക്കണമെന്നും പെറ്റീഷനില്‍ പറയുന്നു.