ചെന്നൈ: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ചെന്നൈയിലെ തറവാട് തമിഴ് സിനിമാനടനും നിര്‍മാതാവുമായ സി. മണികണ്ഠന്‍ വിലയ്ക്ക് വാങ്ങിയതായി റിപ്പോര്‍ട്ട്.അശോക് നഗറിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഒരു വീട് വാങ്ങുന്നതിനായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് സുന്ദര്‍ പിച്ചൈ ജനിച്ചുവളര്‍ന്ന വീട് വില്‍പനക്കുണ്ടെന്ന വിവരം മണികണ്ഠന്‍ അറിയുന്നത്. ഉടനെ തന്നെ ആ വീട് വാങ്ങാന്‍ മണികണ്ഠന്‍ തീരുമാനിക്കുകയായിരുന്നു. സുന്ദര്‍ പിച്ചൈ നമ്മുടെ നാടിന്റെ യശ്ശസുയര്‍ത്തിയതായും അദ്ദേഹത്തിന്റെ വീട് സ്വന്തമാക്കുന്നത് ജീവിതത്തിലെ അഭിമാനമുഹൂര്‍ത്തമാണെന്നും മണികണ്ഠന്‍ പ്രതികരിച്ചു.
ചെന്നൈയിലാണ് വളര്‍ന്നതെങ്കിലും 1989 ല്‍ ഖരഗ്പുര്‍ ഐഐടിയില്‍ എന്‍ജിനീയറിങ് പഠനത്തിനായി സുന്ദര്‍ പിച്ചൈ ആ നഗരം വിട്ടു. ഇരുപത് വയസ് വരെ മാത്രമാണ് ചെന്നൈയിലെ വീട്ടില്‍ പിച്ചൈ താമസിച്ചതെന്ന് അയല്‍വാസി പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ചെന്നൈയിലെത്തിയ സമയത്ത് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പണവും വീട്ടുസാമാനങ്ങളും സമ്മാനിച്ചിരുന്നു.