X

സുനന്ദ പുഷ്‌കര്‍ കേസ്; തരൂരിനെ വിളിച്ച് വരുത്തുന്ന കാര്യം 5ന് തീരുമാനിക്കും

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ വിളിച്ചു വരുത്തുന്ന കാര്യം ജൂണ്‍ അഞ്ചിന് കോടതി തീരുമാനിക്കും. പ്രത്യേക അതിവേഗ കോടതി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാലാണ് ഹര്‍ജി മാറ്റി വച്ചത്. കേസ് പട്യാല കോടതിയില്‍ നിന്ന് പ്രത്യേക കോടതിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പട്യാല ഹൗസ് കോടതി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ധര്‍മേന്ദ്ര സിങിന്റേതായിരുന്നു ഉത്തരവ്.

സുനന്ദ പുഷ്‌കറിന്റെ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് കഴിഞ്ഞ 14ന് പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ശശി തരൂര്‍ എംപിയായതിനാലാണ് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.
മരിക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിരാശ പ്രകടിപ്പിച്ച് സുനന്ദ ശശി തരൂരിന് ഇ മെയില്‍ അയച്ചിരുന്നതായി അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. സുനന്ദയുടെ ഇ-മെയിലുകളും സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങളും ആത്മഹത്യാ കുറിപ്പായി കണക്കാക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

“ജീവിക്കാന്‍ എനിക്ക് ആഗ്രഹമില്ല. എന്റെ എല്ലാ പ്രാര്‍ത്ഥനയും മരണത്തിന് വേണ്ടിയാണ്.” സുനന്ദ ജനുവരി എട്ടിന് ശശി തരൂരിന് അയച്ച ഇ-മെയിലില്‍ പറയുന്നു. ആ മെയിലിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സുനന്ദയുടെ മരണം.

3000 പേജുകളുള്ള കുറ്റപത്രത്തില്‍ ശശി തരൂര്‍ സുനന്ദയെ പീഡിപ്പിച്ചിരുന്നതായി പറയുന്നു. സുനന്ദ മരിച്ച് നാല് വര്‍ഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 2014 ജനുവരി 17നാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീല പാലസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

‘സാമാന്യയുക്തിക്ക് നിരക്കാത്ത കുറ്റപത്രം കോടതിയില്‍ നല്‍കിയതായി അറിഞ്ഞു. ഇതിനെതിരേ ശക്തമായി പോരാടും. സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് അവരെയറിയുന്നവരാരും വിശ്വസിക്കില്ല, പിന്നല്ലേ എന്റെ ഭാഗത്തുനിന്നുള്ള പ്രേരണ. നാലരവര്‍ഷത്തെ അന്വേഷണത്തിനുശേഷം ഡല്‍ഹി പൊലീസ് എത്തിച്ചേര്‍ന്ന നിഗമനം ഇതാണെങ്കില്‍ അവരുടെ രീതികളെയും ഉദ്ദേശ്യത്തെയും കുറിച്ച് നല്ല സൂചനകളല്ല അത് നല്‍കുന്നത്. ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

chandrika: