X

കൊടുംചൂട് ഒരാഴ്ച തുടരും 55 പേര്‍ക്ക് കൂടി സൂര്യാതപം

സംസ്ഥാനത്ത് തുടരുന്ന കൊടുംചൂടില്‍ ഇന്നലെ 55 പേര്‍ക്ക് സൂര്യാതപവും രണ്ടുപേര്‍ക്ക് സൂര്യാഘാതവുമേറ്റു. പത്തനംതിട്ടയില്‍ എട്ട് പേര്‍ക്കും കോഴിക്കോടും കോട്ടയത്തും ഏഴ് പേര്‍ക്ക് വീതവും എറണാകുളത്തും കൊല്ലത്തും അഞ്ച് പേര്‍ക്ക് വീതവും മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവുമാണ് സൂര്യാതപമേറ്റത്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, എറണാകുളം, തൃശൂര്‍, കൊല്ലം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കാസര്‍കോഡ് എന്നിവിടങ്ങളിലായി 46 പേര്‍ക്ക് കടുത്ത ചൂടില്‍ തൊലിപ്പുറത്ത് ചുവന്ന പാടും കുരുക്കളുമുണ്ടായി.
തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് സൂര്യാഘാതവുമേറ്റു. കോഴിക്കോട് 47 പേര്‍ വിവിധ ആസ്പത്രികളില്‍ ചികില്‍സയിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ഈ മാസം ഏഴ് മുതല്‍ ഇതു വരെ ജില്ലയില്‍ സൂര്യാതപമേറ്റു ചികിത്സ തേടിയവരുടെ എണ്ണം 40 ആയി. മുക്കം മണാശ്ശേരിയില്‍ വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് കര്‍ഷകനായ യുവാവിന്റെ കഴുത്തില്‍ സൂര്യാതപമേറ്റത്. വെസ്റ്റ് ചേന്ദമംഗല്ലൂര്‍ ചെറുകുന്നത്ത് ഇല്യാസ്(44) നാണ് കഴുത്തിന്റെ വലത് ഭാഗത്ത് പൊള്ളലേറ്റത്. കരുവാളിച്ച ഭാഗത്ത് പുകച്ചിലും വേദനയുമനുഭപ്പെടുകയായിരുന്നു. തലശ്ശേരിയില്‍ ചുമട്ട് തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. മട്ടാമ്പ്രം കസ്റ്റംസ് റോഡിലെ ആബിദാ മന്‍സിലില്‍ കെ.എന്‍ ഹാഷി (62) മിനാണ് ദേഹത്തും കൈക്കും പൊള്ളലേറ്റത്. ഇദ്ദേഹത്തെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ജോലിക്കിടെ നേരിയ തോതില്‍ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇന്നലെ രാവിലെ വീണ്ടും ജോലിക്കെത്തിയപ്പോള്‍ അസ്വസ്ഥത വര്‍ദ്ധിച്ചതിനെതുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഉച്ചയോടെ അസഹനീയമായ ചൂട് അനുഭവപ്പെടു കയും ദേഹമാസകലം ചുട്ട് പഴുക്കുന്നതു പോലെ തോന്നുകയും ചെയ്തതോടെ ആസ്പത്രിയില്‍ ചികിത്സ തേടി. രണ്ടാഴ്ചമുമ്പ് ട്രാഫിക് ജോലിക്കിടെ പൊലീസുകാരനും സൂര്യാഘാതം ഏറ്റിരുന്നു.
അതേസമയം പാലക്കാട് ഇന്നലെയും ചൂട് 41 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുകയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുന്നത്. വരുന്ന ദിവസങ്ങളില്‍ മറ്റു ജില്ലകളിലും കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും കൂടിയതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ളത്. പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. കടുത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. കുടിവെള്ള ലഭ്യത ഉറപ്പാക്കാനും പകര്‍ച്ചവ്യാധി പ്രതിരോധത്തിനും വന്യ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത് തടയാനുമായി മൂന്ന് സമിതികള്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സമിതികള്‍ കലക്‌ട്രേറ്റുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍
തുറക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ജില്ലാ കളക്ടറേറ്റുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. വരള്‍ച്ച, കുടിവെള്ള ദൗര്‍ലഭ്യം, ജില്ലകളിലെ കണ്‍ട്രോള്‍ റൂം മേല്‍നോട്ടം, ഏകോപനം എന്നിവയ്ക്കായി ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യു ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് ഒരു കമ്മിറ്റി. ജലദൗര്‍ലഭ്യം മൂലം നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങള്‍ മനുഷ്യര്‍ക്കും, വിളകള്‍ക്കും നാശനഷ്ടവും ആപത്തും സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനായി വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി, സംസ്ഥാന ഫോറസ്റ്റ് മേധാവി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം പ്രവര്‍ത്തിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മറ്റൊരു ടീം പ്രവര്‍ത്തിക്കുക. ടാസ്‌ക് ഫോഴ്സുകളുമായി സഹകരിച്ച് ജില്ലാകളക്ടര്‍മാര്‍ ജില്ലകളിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്ത് ഇതുവരെ സൂര്യാതപം മൂലം 284 പേര്‍ക്ക് അസ്വാസ്ഥ്യം ഉണ്ടായിട്ടുണ്ട്. സൂര്യാതപവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പത്തനംതിട്ട ജില്ലയിലാണ് – 41 എണ്ണം. ഒരു മരണം മാത്രമാണ് സൂര്യതാപവുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചിട്ടുളളതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

web desk 1: