ചുട്ടുപൊള്ളുന്ന വേനലില്‍ ആശ്വാസമായി കേരളത്തിന് ഇതുവരെ ലഭിച്ചത് 123 ശതമാനം അധിക വേനല്‍ മഴ. സംസ്ഥാനത്ത് വേനല്‍ മഴ ഒന്നര മാസം പിന്നിടുമ്പോഴാണ് ഈ അധികക്കണക്ക്. മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 16 വരെ 84.2 മി.മീ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 187.5 മി.മീ മഴ അധികം ലഭിച്ചു. 123% അധിക വേനല്‍ മഴയെന്നത് സാധാരണയിലും ഉയര്‍ന്ന അളവാണെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.
കാസര്‍ക്കോട് ജില്ലയിലാണ് കൂടുതല്‍ മഴ ലഭിച്ചത്. കുറവ് തിരുവനന്തപുരത്തും. കാസര്‍കോട് ഒന്നര മാസത്തിനിടെ 458 ശതമാനം അധിക മഴ ലഭിച്ചു. 31.1 മി.മീ ലഭിക്കേണ്ടതിനു പകരം 173.7 മി.മീ മഴ. തിരുവനന്തപുരത്ത് 24 ശതമാനമാണ് അധിക മഴ. 106.1 മി.മീ മഴ ലഭിക്കേണ്ടതിനു പകരം 131.4 മി.മീ മഴ ലഭിച്ചു. ആലപ്പുഴ 114, കണ്ണൂര്‍ 141, എറണാകുളം 233, ഇടുക്കി 119, കൊല്ലം 66, കോട്ടയം 183, കോഴിക്കോട് 115, മലപ്പുറം 71, പാലക്കാട് 52, പത്തനംതിട്ട 185, തൃശൂര്‍ 25, വയനാട് 191 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അധിക മഴക്കണക്ക്.
ചക്രവാതച്ചുഴിയാണ് മഴ കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ കൂട്ടായ്മയായ മെറ്റ്ബറ്റ് വെതര്‍ നിരീക്ഷിക്കുന്നു. കഴിഞ്ഞ ആഴ്ച തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തുണ്ടായിരുന്ന ചക്രവാതച്ചുഴി തെക്കന്‍ കേരളത്തില്‍ മൂന്നു ദിവസം കനത്ത മഴ നല്‍കിയിരുന്നു. ഈ സീസണില്‍ ലഭിക്കേണ്ടതിന്റെ മൂന്നിരട്ടി മഴയാണ് നല്‍കിയത്. തുടര്‍ന്ന് ചക്രവാതച്ചുഴി അറബിക്കടലിലേക്ക് എത്തിയതോടെ വീണ്ടും മഴ കൂടി. ഇപ്പോള്‍ ലക്ഷദ്വീപിനു സമീപം നിലകൊള്ളുകയാണ് ചക്രവാതച്ചുഴി. ലക്ഷദ്വീപിലും ഇത് കൂടുതല്‍ വേനല്‍ മഴക്ക് കാരണമായി. 196 ശതമാനം അധിക മഴയാണ് ലക്ഷദ്വീപില്‍ ഇതുവരെ ലഭിച്ചത്.