ഗള്‍ഫു നാടുകളിലെ സ്‌കൂളുകളില്‍ മധ്യവേനല്‍ അവധി തുടങ്ങിയതോടെ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍. മലയാളികള്‍ കുടുംബസമേതം ഏറ്റവും അധികം യാത്ര ചെയ്യുന്ന ദുബായ് – ഷാര്‍ജ – അബൂദാബി റൂട്ടുകളില്‍ ടിക്കറ്റിന് വന്‍ വില വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സഊദിയില്‍ നിന്നുള്ള ടിക്കറ്റ് നിരക്കും സമാനമാണ്. ജൂലൈ അവസാന വാരത്തിലാണ് ഗള്‍ഫിലെ സ്‌കൂളുകള്‍ മധ്യവേനല്‍ അവധി ആരംഭിച്ചത്. എന്നാല്‍ വേനലവധിയും ബലിപെരുന്നാളും നാട്ടിലാഘോഷിക്കാമെന്നു കരുതി ടിക്കറ്റിനായി ട്രാവല്‍ ഏജന്‍സിയെ സമീപിക്കുമ്പോള്‍ നിരക്ക് നാലിരട്ടിയിലധികമാണ് വിദേശ, ഇന്ത്യന്‍ വിമാന കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.
ആഗസ്റ്റ് അവസാനമേ സ്‌കൂളുകള്‍ തുറക്കൂ എന്നുള്ളത് കൊണ്ടു തന്നെ കോവിഡ് മൂലം രണ്ടു വര്‍ഷക്കാലം നാട്ടിലേക്ക് പോകാതിരുന്ന കുടുംബങ്ങള്‍ ടിക്കറ്റിനായി നെട്ടോട്ടമോടുകയാണ്. ലോക്ക്ഡൗണില്‍ വെട്ടിക്കുറച്ച സര്‍വീസുകള്‍ പുനഃസ്ഥാപിക്കാത്തതിനാല്‍ പല റൂട്ടുകളിലും ടിക്കറ്റ് ക്ഷാമവും രൂക്ഷമാണ്. ബഡ്ജറ്റ് എയര്‍ലൈനുകളിലും കണക്ടിങ് വിമാനങ്ങളിലും തീവെട്ടിക്കൊള്ള ആരംഭിച്ചതോടെ സാധാരണക്കാര്‍ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചിട്ടുണ്ട്. കോവിഡിന് മുമ്പ് 10,000 രൂപക്ക് താഴെയായിരുന്ന ദുബായിലേക്കുള്ള എക്കണോമി ക്ലാസ് ടിക്കറ്റ് നിരക്ക്. കോവിഡ് കഴിഞ്ഞതോടെ ഇരട്ടിയിലധികമാക്കി വര്‍ധിപ്പിച്ചു. ഇപ്പോള്‍ സീസണ്‍ എത്തിയതോടെ അത് നാലിരട്ടിയായി. സഊദി ഉള്‍പ്പെടെ മറ്റു ഗള്‍ഫ് നാടുകളില്‍ നിന്നും നാട്ടിലേക്ക് എത്തണമെങ്കിലും വന്‍ തുക മുടക്കണം എന്നാണ് നിലവിലെ അവസ്ഥ.
ജൂലൈ രണ്ടിന് ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് 36,400 രൂപയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിലെ നിരക്ക്. ഇതേ ദിവസം കോഴിക്കോട് നിന്ന് ദുബായിലേക്ക് 9,700 രൂപ മതി. അബൂദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് 40,119 രൂപ വേണം. അതേസമയം കൊച്ചി – അബൂദാബി റൂട്ടില്‍ 10,000 രൂപയ്ക്ക് ടിക്കറ്റുണ്ട്. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കിപ്പോള്‍ യാത്രക്കാര്‍ കുറവാണ്. ഗള്‍ഫില്‍ കടുത്ത ചൂടായതിനാല്‍ അവധിക്ക് നാട്ടിലെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. സെപ്തംബര്‍ മുതല്‍ ഗള്‍ഫിലേക്കുള്ള തിരിച്ചുപോക്ക് കൂടും. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കോവിഡിന് മുമ്പുണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. അവധിക്കാലമായതിനാല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തി ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കുന്ന ജൂലൈ രണ്ടിലെ ടിക്കറ്റ് നിരക്ക്
അബൂദാബി – കൊച്ചി : 38,800 (സ്‌പൈസ് ജെറ്റ്)
ബഹറൈന്‍ – കൊച്ചി : 44,600 (ഗള്‍ഫ് എയര്‍)
കുവൈത്ത് – കൊച്ചി : 31,000 (എയര്‍ഇന്ത്യ എക്‌സ്പ്രസ്)
ദമാം – തിരുവനന്തപുരം : 43,900 (ഇന്‍ഡിഗോ)
മസ്‌ക്കറ്റ് – തിരുവനന്തപുരം : 35,000 (എയര്‍ഇന്ത്യ എക്‌സ്പ്രസ്)
ജിദ്ദ – കോഴിക്കോട് : 31,000 (എയര്‍ഇന്ത്യ എക്‌സ്പ്രസ്)
ദോഹ – കോഴിക്കോട് : 41,000 (എയര്‍ഇന്ത്യ എക്‌സ്പ്രസ്)