X

റഫാലില്‍ ഇരുസഭകളും പ്രക്ഷുബ്ദം; കൈകൂപ്പി സ്പീക്കര്‍

 

പാര്‍ലമെന്റില്‍ റഫാല്‍ യുദ്ധം ശക്തമാക്കി ബിെജപിയും കോണ്‍ഗ്രസും. സഭ തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അംഗങ്ങളോട് കൈകൂപ്പി പറഞ്ഞെങ്കിലും ഫലം കണ്ടില്ല. ഉപരാഷ്ട്രപതി എം.വെങ്കയ്യ നായ്ഡുവിന്റെ ശാസനയും വെറുതെയായി. ബഹളത്തില്‍ മുങ്ങി ഇരുസഭകളും പിരിഞ്ഞു. അതിനിടെ, രാമക്ഷേത്ര വിഷയത്തില്‍ ബിജെപി എംപിമാര്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചു.

റഫാലില്‍ ഭരണ പ്രതിക്ഷ ഏറ്റുമുട്ടല്‍ കടുക്കുകയാണ്. സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിപക്ഷ ശക്തമായി ആരോപിച്ചു. പ്രധാനമന്ത്രി, ധനമന്ത്രി, നിയമമന്ത്രി, അറ്റോര്‍ണി ജനറല്‍ എന്നിവര്‍ക്കെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസും നല്‍കിയിട്ടുണ്ട്.

ജെപിസി അന്വേഷണമില്ലാതെ സഭാനടപടികളുമായി സഹകരിക്കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ലോക്‌സഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജ്യസഭയില്‍ ഗുലാംനബി ആസാദും റഫാല്‍ ഉന്നയിച്ചു. പ്രധാനമന്ത്രി കള്ളനെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. റഫാലിലടക്കം ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍. ജെപിസി അന്വേഷണം പ്രഖ്യാപിക്കല്‍ തന്റെ അധികാര പരിധിയിലല്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍.

chandrika: