ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ അട്ടിമറിയുമായി ഇന്ത്യൻ താരം. ലോക 27-ാം നമ്പർ താരമായ കസാഖിസ്ഥാന്റെ അലക്സാണ്ടർ ബുബ്‍ലികിനെ തോൽപ്പിച്ച് സുമിത് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ വിജയം. സ്കോർ 6-4, 6-2, 7-6 (7-5). ലോക റാങ്കിംഗിൽ 139-ാം സ്ഥാനത്താണ് സുമിത് നാഗൽ. 35 വർഷത്തിന് ശേഷമാണ് ഒരു സീഡ് താരത്തെ ഇന്ത്യൻ താരം തോൽപ്പിക്കുന്നത്.
ആദ്യ രണ്ട് സെറ്റുകളിലും അനായാസമായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. എന്നാൽ മൂന്നാം സെറ്റിൽ മത്സരം ടൈബ്രേയ്ക്കറിലേക്ക് നീണ്ടു. എങ്കിലും സെറ്റ് വിട്ടുകൊടുക്കാതെ സുമിത് വിജയം സ്വന്തമാക്കി. പത്ത് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ താരം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ രണ്ടാം റൗണ്ടിൽ കടക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഓസ്ട്രേലിയൻ ഓപ്പൺ യോഗ്യതാ മത്സരത്തിലും സുമിത് അട്ടിമറി നടത്തിയിരുന്നു. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ലോക 38–ാം നമ്പർ താരം സ്ലൊവാക്യയുടെ അലക്സ് മോൽകനെ ഇന്ത്നയ്‍ താരം പരാജയപ്പെടുത്തിയിരുന്നു.