X

ബത്തേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ സി.പി.എം ഗുണ്ടായിസം

സുല്‍ത്താന്‍ബത്തേരി: ബത്തേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ സി പി എം ഗുണ്ടായിസം. ആക്രമണത്തില്‍ പരിക്കേറ്റ ഡി.സി.സി ട്രഷററും നഗരസഭാ കൗണ്‍സിലറുമായ എന്‍.എം വിജയന്‍, കോണ്‍ഗ്രസ് ബത്തേരി മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂര്‍ എന്നിവരെ ബത്തേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിച്ചു. നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ എന്‍.എം വിജയനെ അത്യാസന്നവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുനിസിപ്പല്‍ സി ഡി എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുനിസിപ്പല്‍ ചെയര്‍മാന്‍ സി കെ സഹദേവന്റെ മര്‍ദ്ദനമേറ്റ് സി ഡി എസ് മെമ്പര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം യു ഡി എഫ് ബത്തേരി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി.

ഇതിന് മറുപടിയെന്നോണം  വൈകിട്ട് അഞ്ചരയോടെ മുനിസിപ്പല്‍ ഓഫീസിന് സമീപത്ത് വെച്ച് എല്‍ ഡി എഫ് പൊതുയോഗം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായത്. റോഡിന് മറുവശത്തെ ജ്വല്ലറിയുടെ മുകളില്‍ ഇരിക്കുകയായിരുന്ന ഇരുവരെയും അഞ്ചോളം വരുന്ന സി പി എമ്മുകാര്‍ ഓടിയെത്തി അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സി ഡി എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ നാണം കെട്ട രാഷ്ട്രീയനീക്കമായിരുന്നു എല്‍ ഡി എഫ് നടത്തിയത്. ഇടതുപക്ഷത്തിന്റെ പാനലില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥി വിദ്യാഭ്യാസവകുപ്പില്‍ നിന്നും ഓണറേറിയം കൈപ്പറ്റുന്നത് കൊണ്ട് അയോഗ്യതയുള്ളതായും ഇവരെ മത്സരിക്കാന്‍ അനുവദിക്കരുതെന്നും രേഖയക്കം ചൂണ്ടിക്കാട്ടി എന്‍.എം വിജയന്‍ അടക്കമുള്ള യു ഡി എഫ് നേതാക്കള്‍ ശക്തമായി പ്രതികരിച്ചിരുന്നു.

ഇതേ തുടര്‍ന്നുള്ള വാക്കേറ്റത്തിനൊടുവിലായിരുന്നു ഫയര്‍ലാന്റ് വാര്‍ഡിലെ എ ഡി എസ് മെമ്പറായിരുന്ന സാജിതക്ക് മര്‍ദ്ദനമേറ്റത്. സംഭവം വാര്‍ത്തയായതോടെ എല്‍ ഡി എഫിന്റെ നെറികെട്ട രാഷ്ട്രീയത്തോട് സാധാരണജനങ്ങള്‍ക്കിടയില്‍ നിന്ന് പോലും പ്രതിഷേധം ശക്തമായിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ അതിക്രൂരമായ വിധത്തില്‍ ആക്രമണമുണ്ടായത്. മര്‍ദ്ദനമേറ്റ കോണ്‍ഗ്രസ് നേതാക്കളെ ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം. എല്‍. എ സന്ദര്‍ശിച്ചു.

യു.ഡി.എഫ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

സുല്‍ത്താന്‍ ബത്തേരിയില്‍ വ്യാപകമായ അക്രമം അഴിച്ചു വിടുകയും, യു.ഡി.എഫ് വനിതാ എ. ഡി. എസ് സാജിതയേയും, കോണ്‍ഗ്രസ് നേതാക്കളായ എന്‍.എം വിജയന്‍, ബാബു പഴുപ്പത്തൂര്‍ എന്നിവരെയും ക്രൂരമായി മര്‍ദ്ദിച്ച സി.പി.എം അക്രമകാരികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഉപരോധം ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അക്രമകാരികളായ മുഴുവന്‍ സി.പി.എമ്മുകാരെയും ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ യു.ഡി. എഫ് പ്രവര്‍ത്തകര്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും, പ്രക്ഷോഭത്തിന്റെ ഉത്തരവാദികള്‍ പൊലീസായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ മുസ്‌ലിംലീഗ് വൈസ്പ്രസിഡന്റ് ടി മുഹമ്മദ്, കെ.പി. സി.സി സെക്രട്ടറി കെ.കെ അബ്രഹാം, കെ.എല്‍ പൗലോസ്, ഡി.പി രാജശേഖരന്‍, പി.പി അയ്യൂബ്, എം.എ അസൈനാര്‍, അബ്ദുല്ല മാടക്കര, സി.കെ ഹാരിഫ്, കണ്ണിയന്‍ കുഞ്ഞിപ്പ, ടി.ജെ ജോസഫ്, അശ്‌റഫ് കുന്നത്ത് സംസാരിച്ചു.

ബത്തേരി കോട്ടക്കുന്നില്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്‍, കോണ്‍ഗ്രസ് ബത്തേരി മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂര്‍ എന്നിവരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കെപിസിസി സെക്രട്ടറി കെ.കെ. എബ്രഹാം, ഡിസിസി സെക്രട്ടറി ആര്‍.പി. ശിവദാസ്, പാര്‍ട്ടി വിചാര്‍ വിഭാഗ് ജില്ലാ പ്രസിഡന്റ് വി.എം പൗലോസുകുട്ടി എന്നിവര്‍ പ്രതിഷേധിച്ചു. മുഴുവന്‍ കുറ്റക്കാരെയും നിയമത്തിനു മുന്നില്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. സിപിഎം അക്രമം തുടര്‍ന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

chandrika: