X

സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറിയിലെ അക്രമം: 3 ബജ്‌റംഗ്ദള്‍ നേതാക്കളെ നാടുകടത്തും

മംഗളൂരു: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിന് മംഗളൂരു കങ്കനാടിയിലെ സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരനെ അക്രമിക്കുകയും ചെയ്ത സംഭവം നയിച്ച 3 ബജ്‌റംഗ്ദള്‍ നേതാക്കളെ ഒരു വര്‍ഷത്തേക്ക് നാടുകടത്തും. മംഗളൂരു ആസ്ഥാനമായി രൂപവത്കരിച്ച വര്‍ഗീയ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കും സദാചാര ഗുണ്ടായിസത്തിനും എതിരായ പ്രത്യേക പൊലീസ് സ്‌ക്വാഡിന്റെ ശുപാര്‍ശ അനുസരിച്ചാണിത്. ഗണേഷ് അത്താവര്‍, ജയപ്രകാശ് ശക്തിനഗര്‍, ബാല്‍ചന്ദര്‍ അത്താവര്‍ എന്നിവരെയാണ് നാടുകടത്തുന്നത്.

ജ്വല്ലറിയില്‍ ജീവനക്കാരിയായ ഹിന്ദു പെണ്‍കുട്ടിയോട് സഹപ്രവര്‍ത്തകനായ മുസ്‌ലിം യുവാവ് സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു അക്രമം നടന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളെന്ന് പരിചയപ്പെടുത്തിയവര്‍ക്കൊപ്പം ഇരച്ചു കയറിയായിരുന്നു ബജ്‌റംഗ്ദള്‍ സംഘത്തിന്റെ ആക്രമണം. ആഭരണങ്ങള്‍ വാങ്ങാന്‍ വന്നവരുടെ സാന്നിധ്യത്തില്‍ യുവാവിനെ മര്‍ദിച്ചു. ജ്വല്ലറിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച സംഘം താക്കീത് നല്‍കി ഇറങ്ങിപ്പോവുകയായിരുന്നു. മര്‍ദനമേറ്റ യുവാവും ജ്വല്ലറി മാനേജരും നല്‍കിയ പരാതികളില്‍ അന്ന് പൊലീസ് കേസെടുത്തിരുന്നു.

എന്നാല്‍ കഴിഞ്ഞ ഭരണത്തില്‍ അക്രമികള്‍ നല്‍കിയ എതിര്‍ പരാതിയിലും പൊലീസ് നടപടിയുണ്ടായി. 3 ബജ്‌റംഗ്ദള്‍ നേതാക്കള്‍ക്കും മംഗളൂരു ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ മുമ്പാകെ ഹാജരാവാന്‍ പ്രത്യേക സ്‌ക്വാഡ് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 26ന് മംഗളൂരു നഗരത്തില്‍ മറോളിയില്‍ സംഘടിപ്പിച്ച ഹോളി ആഘോഷം അക്രമിച്ച് അലങ്കോലപ്പെടുത്തിയ സംഭവത്തിനും നേതൃത്വം നല്‍കിയത് ഈ മൂന്നു പേരായിരുന്നു.

യുവാക്കളും യുവതികളും ഇടകലരുന്നു, ഭിന്ന സമുദായക്കാര്‍ ഒത്തുചേരുന്നു എന്നാരോപിച്ചായിരുന്നു രംഗ് ദെ ബര്‍സ എന്ന് പേരിട്ട ആഘോഷം നടക്കുന്നിടത്തേക്ക് സംഘടിച്ചെത്തി ഇരച്ചുകയറി ബജ്‌റംഗ്ദള്‍ അക്രമം നടത്തിയത്.ഡിജെ പാര്‍ട്ടിക്കായി ഏര്‍പ്പെടുത്തിയ സംഗീത ഉപകരണങ്ങളും ഹോളിയില്‍ വിതറാന്‍ സൂക്ഷിച്ച പലതരം കളറുകളും നശിപ്പിച്ചിരുന്നു. സംഘാടകരായ യുവാക്കളെ മര്‍ദിക്കുകയും ചെയ്തു. അക്രമത്തെ തുടര്‍ന്ന് ആഘോഷ പരിപാടികള്‍ തുടരാനാവാതെ പങ്കെടുക്കാന്‍ എത്തിയവര്‍ തിരിച്ചു പോവുകയായിരുന്നു.

webdesk13: