ദുബായ്: യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശ നിലയത്തില്‍ നോമ്പെടുക്കും. സുല്‍ത്താന്‍ അല്‍ നെയാദി 26നാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു കുതിക്കുന്നത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് യാത്ര. 6 മാസം ബഹിരാകാശ നിലയത്തില്‍ കഴിയുന്ന നെയാദി അവിടെ റമസാന്‍ നോമ്പു നോക്കാനുള്ള ഒരുക്കത്തിലാണ്.
90 മിനിറ്റില്‍ ഒരുതവണ ഭൂമിയെ വലം വയ്ക്കുന്ന ബഹിരാകാശ നിലയത്തില്‍ ഒരു ദിവസം തന്നെ 16 തവണ സൂര്യോദയവും അസ്തമയവും ഉണ്ടാകും. അതുകൊണ്ട് തന്നെ ഭൂമിയിലെ സമയ ക്രമം അനുസരിച്ചു നോമ്പ് നോക്കാനാണ് ആഗ്രഹിക്കുന്നതെന്നു സുല്‍ത്താന്‍ മാധ്യമങ്ങളോടു പറഞ്ഞു. യാത്ര ചെയ്യുന്നവര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും നോമ്പില്‍ ഇളവുണ്ട്. എന്നാലും, നോമ്പ് നോക്കാനുള്ള തയാറെടുപ്പിലാണ് യാത്ര തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.