X
    Categories: indiaNews

സുള്ളി ഡീല്‍സ് ആപ്പ് നിര്‍മിച്ചയാള്‍ അറസ്റ്റില്‍

മുസ്‌ലിം സ്ത്രീകളെ ലേലത്തിനുവെച്ച് വിവാദത്തിലായ ‘സുള്ളി ഡീല്‍സ്’ ആപ്ലിക്കേഷന്‍ നിര്‍മിച്ചയാള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ ഓംകരേശ്വര്‍ താക്കൂര്‍ എന്ന 25 കാരനെയാണ് ഡ ല്‍ഹി പൊലീസ് അറസ്റ്റു ചെയ്തത്. സുള്ളി ഡീല്‍സ് ആപ്പ് കേസുമായി ബന്ധപ്പെട്ട ആദ്യത്തെ അറസ്റ്റാണിത്. സുള്ളി ഡീല്‍സ്, ബുള്ളി ബായ് കേസുമായി ബന്ധപ്പെട്ട അഞ്ചുപേരാണ് ഇതുവരെ പിടിയിലായത്.

സുള്ളി ഡീല്‍സ് ആപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് ആറ് മാസത്തിന് ശേഷമാണ് ആദ്യഅറസ്റ്റ്. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വീഴ്ച വരുത്തിയതിന് വനിതാകമ്മീഷന്‍ അടക്കം ഡല്‍ഹി പൊലീസിനെ വിമര്‍ശിച്ചിരുന്നു. നേരത്തെ അറസ്റ്റിലായ ബുള്ളി ബായ് ആപ്പ് നിര്‍മാതാവ് നീരജ് ബിഷ്‌ണോയ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെ ഇന്ദോറില്‍നിന്നാണ് ഓംകാരേശ്വര്‍ ഠാക്കൂറിനെ പിടികൂടിയത്.

കഴിഞ്ഞ ജൂലൈയില്‍ ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോമില്‍ സുള്ളി ഡീല്‍സ് ആപ്പുണ്ടാക്കിയത് താനാണെന്ന് ഓംകേശ്വര്‍ പൊലീസിനോട് സമ്മതിച്ചു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായും പൊലീസ് പറഞ്ഞു. സഹായികളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യംചെയ്തുവരികയാണെന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
സുള്ളി ഡീല്‍സ് കേസിലെ പ്രധാന സൂത്രധാരന്‍ ഓം താക്കൂറാണെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ഇന്ദോറിലെ ഐ.പി.എസ് അക്കാദമിയില്‍നിന്ന് ബി.സി.എ പൂര്‍ത്തിയാക്കിയ ആളാണ് പ്രതി. ഗിറ്റ്ഹബ്ബില്‍ സുള്ളി ഡീല്‍സ് ആപ്പ് നിര്‍മിച്ച ശേഷം ഇത് ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

 

Test User: