കൊച്ചി: മുസ്‌ലിംലീഗ് മുന്‍ ദേശീയ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകനും മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന സുലൈമാന്‍ ഖാലിദ് സേട്ട്(71) അന്തരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികില്‍സയിലായിരുന്നു.
ബുധനാഴ്ച വീട്ടിലേക്ക് തിരിച്ച് പോകണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് കടവന്ത്രയിലെ മകളുടെ വസതിയായ ടോപാസിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെ വിശ്രമത്തിലിരിക്കേ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം. മയ്യിത്ത് രാത്രി 9 മണിയോടെ കൊച്ചി പനയപ്പിള്ളിയിലെ മറിയം മസ്ജിദിന് സമീപമുള്ള സ്വവസതിയിലെത്തിച്ചു.
ഖബറടക്കം നാളെ(ശനി) ഉച്ചക്ക് ശേഷം 3.30ന് കൊച്ചി കപ്പലണ്ടി മുക്കിലെ പടിഞ്ഞാറേ പള്ളി ഖബര്‍സ്ഥാനില്‍. പാര്‍ട്ടി ജന. സെക്രട്ടറി പി.എം.എ സലാം മൃതദേഹത്തില്‍ ഹരിത പതാക പുതപ്പിച്ചു. മാതാവ്: പരേതയായ മറിയം ബാനു. ഭാര്യ: ഷബ്‌നം ഖാലിദ്. ഏക മകള്‍: ഫാത്തിമ നൂറൈന്‍. മരുമകന്‍: ഹിഷാം ലത്തീഫ് സേട്ട്. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് , ഉഫ്‌റ, റഫിയ, ദസ്‌ലീന്‍ സഹോദരങ്ങളാണ്.
കെഎംഇഎ മുന്‍ സംസ്ഥാന സെക്രട്ടറിയും എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവുമാണ്. എംഎസ്എഫ് എറണാകുളം ജില്ലാ പ്രസിഡന്റ്, മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, പൊതുമേഖലാ സ്ഥാപനമായ ആഗ്രോ ഇന്‍ഡസ്ട്രീസ് മുന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.