X
    Categories: Filmnews

‘സൂക്ഷ്മദർശിനി’ മൂന്നാം വാരത്തിലേക്ക്; 176 ൽ നിന്ന് 192 തിയേറ്ററുകളിലേക്ക്‌

ബേസിൽ ജോസഫ് – നസ്രിയ നസിം കോമ്പോ ആദ്യമായി ഒന്നിച്ചെത്തിയ ‘സൂക്ഷ്മദർശിനി’ തിയേറ്ററുകളിൽ കുടുംബങ്ങളുടെ പിന്തുണ നേടി മൂന്നാം വാരത്തിലേക്ക്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

മൂന്നാം വാരത്തിലേക്ക് എത്തിയപ്പോൾ 16 തിയേറ്ററുകളിൽ കൂടി ചിത്രം പ്രദർശനത്തിനെത്തിയിരിക്കുകയാണ്. 176 തിയേറ്ററുകളിലാണ് ചിത്രം റിലീസിനെത്തിയിരുന്നത്. ഇപ്പോൾ മൂന്നാം വാരത്തിൽ 192 സെന്‍ററുകളിലാണ് ചിത്രത്തിന്‍റെ പ്രദർശനം.

എംസി സംവിധാനം ചെയ്തിരിക്കുന്ന ‘സൂക്ഷ്മദര്‍ശിനി’ നവംബർ 22നാണ് തിയേറ്ററുകളിലെത്തിയത്. പ്രായഭേദമെന്യേ ഏവരും വലിയ പിന്തുണയാണ് ചിത്രത്തിന് ആദ്യവാരം നൽകിയിരിക്കുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും പ്രേക്ഷകരുടേയും നിരൂപകരുടേയും പൂർണ്ണ പിന്തുണയോടെ ഹൗസ്‍ഫുൾ ഷോകളുമായി മുന്നേറുകയാണ് ചിത്രം.

അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

നസ്രിയയും ബേസിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.

ബേസിലിന്‍റേയും നസ്രിയയുടേയും ഇതുവരെ കാണാത്ത മാനറിസങ്ങളും പ്രകടനങ്ങളുമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് പ്രേക്ഷകാഭിപ്രായം. കൂടാതെ ഒട്ടേറെ സർപ്രൈസ് എലമെന്‍റുകളും ചിത്രം പ്രേക്ഷകർക്കായി കാത്തുവെച്ചിട്ടുണ്ട്. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

webdesk13: