X
    Categories: indiaNews

ഹിമാചല്‍ മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിങ് സുഖു അധികാരമേറ്റു- വീഡിയോ

ഹിമാചല്‍ പ്രദേശിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ സത്യ വാചകം ചൊല്ലിക്കൊടുത്തു. മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞ ചടങ്ങില്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ,രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധി,രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെല്ലോട്ട്,സച്ചിന്‍ പൈലറ്റ് എന്നിവര്‍ സംബന്ധിച്ചിരുന്നു.കഴിഞ്ഞദിവസം നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിലാണ് സുഖുവിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.

ഹിമാചല്‍ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായ സുഖ്വീന്ദര്‍ സിങിനെ പരിചയപ്പെടാം വിശദമായി

ഹിമാചല്‍ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി സുഖ്വീന്ദര്‍ സിങ് സുഖു അധികാരമേല്‍ക്കുമ്പോള്‍ വിദ്യാര്‍ത്ഥി കാലം തൊട്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിനൊപ്പം നടന്ന ഒരു നേതാവിന് ലഭിക്കുന്ന ചരിത്ര നിയോഗം കൂടിയാണത്. സാധാരണ കുടുംബത്തില്‍ ജനിച്ച് സംസ്ഥാന രാഷ്ട്രീയത്തോളം ഉയര്‍ന്ന മികച്ച നേതൃപാടവത്തിന് ഉടമയാണദ്ദേഹം. പാല്‍ക്കച്ചവടക്കാരനായ പിതാവിന്റെ മകനായി 1964 മാര്‍ച്ച് 27നായിരുന്നു ജനനം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എന്‍.എസ്.യു.ഐയിലൂടെയാണ് സുഖ്വീന്ദര്‍ സുഖു രാഷ്ട്രീയ രംഗത്തെത്തുന്നത്. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുക്കുകയും മികച്ച സംഘാടകനായി പേരെടുക്കുകയും ചെയ്തു. 1980കളില്‍ എന്‍.എസ്.എയുവിന്റെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

ഇതിനിടെ നിയമ പഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്തെങ്കിലും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി തുടരാനായിരുന്നു അപ്പോഴും തീരുമാനം. 2000ത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി. ഇതിനിടെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു. 2008ല്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി. ഇതിനിടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യം വീര്‍ഭദ്ര സിങിന്റെ നിഴലായിരുന്നെങ്കിലും പിന്നീട് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ എതിര്‍ പക്ഷത്ത് നിലയുറപ്പിച്ചപ്പോഴും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കറകളഞ്ഞ പടയാളിയായിരുന്നു സുഖ്വീന്ദര്‍ സിങ് സുഖു. 2013-19 കാലയളവില്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. ഹിമാചലില്‍ കോണ്‍ഗ്രസിന് അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള എല്ലാ വഴികളും ഇക്കാലത്ത് അദ്ദേഹം വെട്ടിയെടുത്തിരുന്നു.

വീര്‍ഭദ്ര സിങിനു ശേഷം പാര്‍ട്ടിയെ ആരു നയിക്കും എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് പറയാതെ പറഞ്ഞ ഉത്തരമായിരുന്നു സുഖ്വീന്ദര്‍ സിങ് സുഖു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം പ്രചാരണ കാമ്പയിന്‍ കമ്മിറ്റിയുടെ തലവനായി നിയോഗിക്കുക വഴി തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ഉത്തരവാദിത്തം കൂടിയാണ് ഹൈക്കമാന്‍ഡ് സുഖുവിനെ ഏല്‍പ്പിച്ചത്. അത് അദ്ദേഹം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. രാഷ്ട്രീയ അട്ടിമറികളിലൂടെയും കുതിരക്കച്ചവടങ്ങളിലൂടെയും അധികാരം പിടിക്കുന്ന ബി. ജെ.പിയുടെ പതിവ് ഓപ്പറേഷന്‍ താമരയെ അതിജീവിക്കുക എന്നതു തന്നെയായിരിക്കും സുഖുവിനു മുന്നിലെ പ്രധാന വെല്ലുവിളി. ഒപ്പം പഴയ പെന്‍ഷന്‍ പദ്ധതി അടക്കം തിരഞ്ഞെടുപ്പ് പ്രകടന പത്രികയെ വാഗ്ദാനങ്ങള്‍ നിറവേറ്റുക എന്നതും.

Test User: