X
    Categories: CultureMoreViews

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്: സുഖേന്ദു ശേഖര്‍ റോയ് പ്രതിപക്ഷ സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുഖേന്ദു ശേഖര്‍ റോയ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയാകും. സുഖേന്ദുവിനെ പിന്തുണക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുടെ നിര്‍ദേശം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കുകയായിരുന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്. പി.ജെ കുര്യന്റെ കാലാവധി അവസാനിച്ചതോടെയാണ് പുതിയ ഉപാധ്യക്ഷനെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഒരു മുന്നണിയേയും പിന്തുണക്കാത്ത ബി.ജെ.ഡി, ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ തീരുമാനമാണ് ഏവരും ഉറ്റുനോക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മമതയുമായി നല്ല ബന്ധമുള്ള ഈ കക്ഷികള്‍ പിന്തുണക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം എന്തുവില കൊടുത്തും പിടിച്ചെടുക്കണമെന്ന വാശിയിലാണ് ബി.ജെ.പി. അതേസമയം തങ്ങളുടെ സ്ഥാനാര്‍ഥിയാരാണെന്ന സൂചന നല്‍കാന്‍ മോദിയും അമിത് ഷായും ഇതുവരെ തയ്യാറായിട്ടില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: