X

സുജിത് ദാസ് ഐപിഎസിനെ സസ്‌പെന്‍ഡ് ചെയ്യും; ഗുരുതര ചട്ടലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട എസ്പി സുജിത് ദാസ് ഐപിഎസിനെതിരെ നടപടിക്ക് സാധ്യത. സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തു. മലപ്പുറം മുന്‍ എസ്പിയായ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് റെയിഞ്ച് ഡിഐജി ഡിജിപിക്ക് കൈമാറി.

എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി.വി അന്‍വറിനെ ഫോണില്‍ വിളിച്ചുസംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. ഇത് വലിയ നാണക്കേടാണ് പോലീസ് സേനയ്ക്ക് ഉണ്ടാക്കിയത്.

എസ്പിയുടെ ക്യാമ്പ് ഹൗസില്‍ നിന്ന് മരങ്ങള്‍ കടത്തിയെന്ന പരാതി പിന്‍വലിക്കാനാണ് സുജിത് ദാസ്, പി.വി അന്‍വര്‍ എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ ആവശ്യത്തിന് വ്യക്തമായ മറുപടി നല്‍കുകയോ ഉറപ്പ് നല്‍കുകയോ ചെയ്യാതിരിക്കുന്ന എംഎല്‍എ എം.ആര്‍ അജിത് കുമാറിന്റെ ബന്ധങ്ങളെ കുറിച്ച് തിരിച്ച് ചോദിക്കുന്നുണ്ട്. പരാതി എംഎല്‍എ ഒന്ന് പിന്‍വലിച്ച് തരണമെന്നാണ് സുജിത് ദാസ് ആവശ്യപ്പെടുന്നത്. 25 വര്‍ഷത്തെ സര്‍വ്വീസ് ഉണ്ടെന്നും അത്രയും കാലം താന്‍ എംഎല്‍എയോട് കടപ്പെട്ടിരിക്കുമെന്നും സുജിത് ദാസ് സംഭാഷണത്തിനിടെ പറയുന്നു.

തന്നെ സഹോദരനെപ്പോലെ കാണണം എന്ന് കൂടി എസ്പി കൂട്ടിച്ചേര്‍ക്കുന്നു. ഇതിന് പിന്നാലെ എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ എസ്പി ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. സേനയില്‍ സര്‍വ്വശക്തനായിരുന്ന പി. വിജയനെ നശിപ്പിച്ചത് എം.ആര്‍ അജിത് കുമാര്‍ ആണ്. കേസിലുള്‍പ്പെട്ട മറുനാടന്‍ മലയാളി ചീഫ് ഷാജന്‍ സ്‌കറിയ ഒളിവിലിരിക്കെ അയാളെ രക്ഷപ്പെടുത്തിയത് അജിത് കുമാറാണെന്നും സംഭാഷണത്തില്‍ വ്യക്തമാണ്. സേനയില്‍ അജിത് കുമാര്‍ സര്‍വ്വശക്തനാണ്. കാര്യങ്ങള്‍ തീരുമാനിക്കുന്നത് എം.ആര്‍ അജിത് കുമാര്‍ ആണ്.

പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ വലംകൈയാണ് അജിത് കുമാര്‍. പൊളിറ്റിക്കല്‍ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാള്‍ക്കിത്ര ശക്തി. അജിത് കുമാറിന്റെ ഭാര്യാ സഹോദരന്മാരാണ് പണം കൈകാര്യം ചെയ്യുന്നത്. ബിസിനസ്സുകാര്‍ എല്ലാം അയാളുടെ സുഹൃത്തുക്കളാണ്. മാത്രമല്ല എന്തുകൊണ്ടാണ് മലപ്പുറം എസ്പി ശശിധരനെ സ്ഥലം മാറ്റാത്തതെന്നും സുജിത് ദാസ് ചോദിക്കുന്നു. എന്നാല്‍ താന്‍ പോലീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാറില്ലെന്നാണ് എംഎല്‍എ മറുപടി നല്‍കിയത്.

webdesk13: