X

കേരളാ പൊലീസിൽ ആത്മഹത്യ കൂടുന്നു; കാരണങ്ങൾ അമിത ജോലിഭാരം,വിഷാദം, സമ്മർദ്ദം

സംസ്ഥാനത്ത് പൊലീസില്‍ ആത്മഹത്യ കൂടുന്നതായി റിപ്പോര്‍ട്ട്. വിഷാദരോഗവും ജോലി സമ്മര്‍ദവുമാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മാത്രം 69 പൊലീസുദ്യോഗസ്ഥര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തതെന്നാണ് കണക്ക്.

അമിത ജോലിഭാരത്തെത്തുടര്‍ന്നും ജോലി സമ്മര്‍ദ്ദത്തെത്തുടര്‍ന്നും സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന പൊലീസുദ്യോഗസ്ഥരുടെ എണ്ണം കൂടുകയാണ്. പൊലീസുദ്യോഗസ്ഥരെ വിഷാദരോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുള്ള സംവിധാനങ്ങളും ഫലപ്രദമാകുന്നില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ നവംബറില്‍ പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന പൊലീസ് ഉന്നത തല യോഗത്തില്‍ അവതരിപ്പിച്ച കണക്കാണ് അവസാനമായി ഉള്ളത്. അതിന് ശേഷവും പൊലീസില്‍ ആത്മഹത്യകള്‍ നടന്നു.

2019 ജനുവരി മുതല്‍ 2023 ആഗസ്ത് വരെയുള്ള കണക്കാണ് അന്ന് അവതരിപ്പിച്ചത്. ഇത് പ്രകാരം 2019 ല്‍ 18 പേരും 2020 10 പേരും 2021 ല്‍ 8 പേരും 2022 ല്‍ 20 പേരും 2023 ല്‍ 13 പേരും ആത്മഹത്യ ചെയ്തതായാണ് കണക്ക്. തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ. ഇവിടെ 10 പേരാണ് ആത്മഹത്യ ചെയ്തത്. ആലപ്പുഴയിലും എറണാകുളം റൂറലിലും 7 പേര്‍ വീതം ജീവനൊടുക്കി.

കുടുംബപരമായ കാരണങ്ങളാല്‍ 30 പേരാണ് ആത്മഹത്യ ചെയ്തത്. ആരോഗ്യ കാരണങ്ങളാല്‍ 5 പേരും വിഷാദ രോഗത്താല്‍ 20 പേരും ജോലി സമ്മര്‍ദ്ദത്താല്‍ 7 പേരും സാമ്പത്തീക കാരണങ്ങളാല്‍ 5 പേരും ആത്മഹത്യ ചെയ്തതതായാണ് റിപ്പോര്‍ട്ടില്‍ അന്ന് പറഞ്ഞത്. രണ്ട് ആത്മഹത്യകളുടെ കാരണം വ്യക്തമല്ലെന്നും അന്ന് പറഞ്ഞിരുന്നു.

webdesk13: