കട്ടപ്പനയിലെ സാബു തോമസിന്‍റെ ആത്മഹത്യയിൽ ആരോപണ വിധേയനായ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തെ സംരക്ഷിച്ച് അന്വേഷണസംഘം. സിപിഎം അംഗങ്ങളെ കേസിലുൾപ്പെടുത്താതെയുള്ള പൊലീസിന്‍റെ മെല്ലെപ്പോക്ക് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാനുള്ള നാടകമാണ്.
സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ല കമ്മിറ്റിയംഗം വി. ആർ സജിക്കെതിരെയാണ് പൊലീസ് കേസെടുക്കാത്തത്. ഇതിലൂടെ സിപിഎം നേതാക്കള്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കുകയാണ് ചെയ്യുന്നതെന്ന ആരോപണം ശക്തമാണ്.
സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റി യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന നാടകമാണിതെന്ന ആരോപണവുമുണ്ട്. സാബു തോമസിന്‍റെ ആത്മഹത്യ നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും കേസില്‍ ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണ സംഘം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ തയ്യാറായിട്ടില്ല. സജിയുടെ മൊഴിയും ഇതുവരെ എടുത്തിട്ടില്ല. പൊലീസിന്‍റെ ഈ നാടകം അവസാനിപ്പിക്കാന്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് 27 ന് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
അതേസമയം സജിയുടെ ഭീഷണി സന്ദേശമെത്തിയ സാബുവിന്‍റെ ഫോൺ ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിൽ നിന്നുള്ള തെളിവുകൾ കൂടി കിട്ടിയ ശേഷം മാത്രമേ സജിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കൂ എന്നാണ് പൊലീസിന്‍റെ പക്ഷം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരിൽ സാബു (56) ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് പേർക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്.