ഭോപ്പാല്‍: ഇഡി ഉദ്യോഗസ്ഥര്‍ ശാരീരികമായും മാനസികവുമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അനുഭാവിയായ വ്യവസായിയും ഭാര്യയും ആത്മഹത്യ ചെയ്തു. മനോജ് പര്‍മര്‍, ഭാര്യ നേഹ പര്‍മര്‍ എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത് . ആത്മഹത്യാക്കുറിപ്പിലാണ് ഇഡി ഉദ്യോഗസ്ഥര്‍ ശാരീരികമായും മാനസികവുമായി പീഡിപ്പിച്ചെന്ന പരാമര്‍ശം. കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇഡി ഉപദ്രവിക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് മക്കള്‍ കുടുക്ക സമ്മാനിച്ചതിനാലാണ് മനോജ് പര്‍മറിനെ ഇഡി ഉപദ്രവിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് ആരോപിച്ചു.
ഡിസംബര്‍ 5ന് മനോജ് പര്‍മറിന്റെയും ഭാര്യ നേഹയുടെയും വിവിധ ഇടങ്ങളിലുള്ള സ്ഥാപനങ്ങളില്‍ ഇഡി പരിശോധന നടത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് 6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനായിരുന്നു മനോജ് പര്‍മര്‍ അന്വേഷണം നേരിട്ടത്. ഇഡി റെയ്ഡില്‍, സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകളും മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലെ 3.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. തൊട്ടുപിന്നാലെ മനോജ് പാര്‍മര്‍ അറസ്റ്റിലാവുകയും അന്നുമുതല്‍ സമ്മര്‍ദത്തിലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്