സുല്‍ത്താന്‍ ബത്തേരി: കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ആള്‍ ആത്മഹത്യ ചെയ്ത നിലയില്‍. വയനാട് ജില്ലയിലെ സിപിഎം യുവനേതാവു കൂടിയായിരുന്നു. സിപിഎം ബത്തേരി ഏരിയാ കമ്മിറ്റി അംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എകെ ജിതൂഷ് (40) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
എല്‍ഡിഎഫിന്റെ ബത്തേരി നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍, എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി, ഫ്രീഡം ടു മൂവ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന എകെ കുമാരന്റെ മകനാണ്. അമ്മ: സരള. ഭാര്യ: ദീപ (വ്യാപാരി സഹകരണസംഘം ജീവനക്കാരി). മക്കള്‍: ഭരത് കൃഷ്ണ, എട്ടുമാസം പ്രായമുള്ള മകള്‍.