X

ആത്മഹത്യ അഭയമല്ല-മൊയ്തു പി.കെ തിരുവള്ളൂര്‍

എല്ലാ മതങ്ങളും ആത്മഹത്യയെ കുറ്റകൃത്യമായാണു പ്രതിപാദിക്കുന്നത്. വ്യക്തിയുടെ സ്വയാഹത്യ പെരുകുമ്പോള്‍ അത് ക്രമേണ സമൂഹത്തിന്റെ ഹത്യയായി മാറും. അത് മനുഷ്യരാശിക്കു തന്നെ ഹാനികരമാണ്. ഇത്തരമൊരു സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ പഠിക്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കര്‍ത്തവ്യമാണ്. നമുക്ക് ചുറ്റുമുള്ള ആളുകളില്‍ മൂന്നിലൊരാള്‍ അവരുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദൗര്‍ഭാഗ്യത്തെ, വിപത്തുകളെ തരണം ചെയ്യാനാകാത്ത സാഹചര്യങ്ങളെ നേരിടുന്നവരാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത്. ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ മുതല്‍ ഓരോ വ്യക്തിയും നേരിടുന്ന നാനാജാതി പ്രശ്‌നങ്ങളും താളപ്പിഴകളുമാണ് ആത്മഹത്യക്കു ഹേതുവും പ്രേരണയുമാകുന്നത്. ബാങ്കില്‍ നിന്നെടുത്ത ഭാരിച്ച വായ്പ്പാത്തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ കടക്കെണിയില്‍ നട്ടം തിരിയുന്നവര്‍ കുടുംബമായി ഒന്നിച്ചും ഒറ്റയായും മറ്റൊരു ഗതിയും കാണാതെ ആത്മഹത്യയില്‍ ശരണം പ്രാപിക്കുന്നു. ‘കൊടുക്കാറ്റ് കടന്ന് പോകാന്‍ കാത്തിരിക്കരുത് മഴയത്ത് നൃത്തം ചെയ്യാന്‍ പഠിക്കുക ‘ എന്ന ഒരു ചിന്തകന്റെ വരികള്‍ ഒരു വ്യക്തി ആത്മഹത്യാ ചിന്തകള്‍ക്കെതിരായി സ്വയം സഹായിക്കേണ്ടതിന്റെയും അത്തരം ചിന്തകളില്‍ നിന്ന് അകന്നു പോകുന്നതിനുള്ള മാര്‍ഗങ്ങള്‍ പഠിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നു.

ആത്മഹത്യ ചെയ്യാനുള്ള ചിന്ത ആവര്‍ത്തിച്ച് വരാനുള്ള പ്രവണത പ്രത്യേകിച്ച് വ്യക്തി മാനസിക സംഘര്‍ഷ വേളയില്‍ തനിച്ചായിരിക്കുകയോ ഒട്ടും തിരക്കില്ലാതിരിക്കുകയോ ചെയ്യുക എന്നതാണ്. ഈ വേളകളില്‍ കുടുംബാംഗങ്ങളുമൊത്തോ കൂട്ടുകാരുമൊത്തോ സമയം ചെലവഴിക്കാനുള്ള ഏന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ട് അവരെ സ്വയം തിരക്കുള്ള വ്യക്തികളാക്കി മാറ്റുകയോ ചെയ്താല്‍ ആത്മഹത്യാ ചിന്തകളുടെ തീവ്രതയും അതിന്റെ ദൈര്‍ഘ്യവും കുറക്കാന്‍ കഴിയുന്നതാണ്. ലോകത്ത് പല കാരണങ്ങള്‍ കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം പ്രതിവര്‍ഷം എട്ടു ലക്ഷമാണ്. അതിന്റെ 27 ശതമാനം നമ്മുടെ രാജ്യത്താണ്. ദേശിയ തലത്തില്‍ അഞ്ചാം സ്ഥാനത്തുള്ള കേരളത്തിന്റെ ഒന്നാം സ്ഥാനത്തെത്താനുള്ള മത്സരം നമ്മെ ആശങ്കപ്പെടുത്തുകയാണ്. ഇന്ത്യയില്‍ ഒരു വര്‍ഷം ഏകദേശം 78000ത്തി നും 93000ത്തിനും ഇടയില്‍ ജനങ്ങള്‍ സ്വയം ഹത്യ നടത്തുന്നുണ്ടെന്ന് ഈയടുത്തു വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേരളത്തിന്റെ ആത്മഹത്യ നിരക്ക് 24 .5 ശതമാനമാണ്.

ജീവിത വേളയില്‍ മനുഷ്യര്‍ അനുഭവിക്കുന്ന പ്രയാസങ്ങളാണു കാരണമെങ്കിലും ഇവ പരിഹരിക്കുന്നതിലെ കഴിവില്ലായ്മയാണ് ഈ കുറ്റകൃത്യം കൂടി വരുന്നതിന്റെ ഹേതു. ദൃശ്യമാധ്യമങ്ങളുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും അതിപ്രസരവും ഓണ്‍ലൈന് അഡിറ്റാവുന്നതും ഈ ദുരന്തത്തിലേക്ക് വഴിയൊരുക്കിക്കൊടുക്കുന്നു. മാനസിക പ്രയാസങ്ങള്‍ക്ക് അടിമപ്പെടുന്നവരെ കണ്ടെത്തി കൗണ്‍സിലിങ്ങിലൂടെ സ്വയം ഹത്യാ പ്രവര്‍ത്തിയില്‍ നിന്നു രക്ഷിക്കാനാകും. ആത്മഹത്യാശ്രമം നടത്തുന്നവരെ ഉടന്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതിനു മൊബൈല്‍ ട്രീറ്റുമെന്റ് യൂണിയനുകള്‍ സ്ഥാപിക്കണം. പിന്നീട് അവരെ കൗണ്‍സിലിങ്ങിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാന്‍ സഹായകമാകും.

മാരകമായ ലഹരി വസ്തുക്കളുടെ ഉപയോഗവും ആത്മഹത്യയിലേക്കു വഴിയൊരുക്കുന്നതാണ്. ഇന്ന് സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വരെ ലഹരിക്കടിമയാണ്. നൈമിഷിക സുഖലോലുപതക്കുള്ള ലഹരിയുപയോഗം നിത്യജീവിതത്തിന്റെ ഭാഗമാവുകയും സമൂഹത്തില്‍ ആരും പരിഗണിക്കാതാകുന്ന സാഹചര്യത്തില്‍ ജീവന്‍ കയര്‍തുമ്പിലോ മറ്റോ നശിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ നല്ല സമൂഹത്തിന്റെ കെട്ടുറപ്പിനും ഭദ്രതക്കും ജീവിത മൂല്യങ്ങളെ സംബന്ധിച്ചും പ്രശ്‌ന പരിഹാരങ്ങളെ കുറിച്ചും തിരിച്ചറിവ് പകര്‍ന്ന് എല്ലായിടത്തും ഉത്തരവാദപ്പെട്ടവരുടെ നിയന്ത്രണവും നിരീക്ഷണവുമാണ് വേണ്ടത്.സമൂഹ്യതലത്തില്‍ ആത്മഹത്യാ സാഹചര്യങ്ങള്‍ ഒഴിവാക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തുകയും വേണം. ഏത് സാഹചര്യങ്ങളിലും ആത്മവിശ്വാസത്തോടെ നേരിടാനുള്ള മനക്കരുത്തും ധൈര്യവും ഓരോ വ്യക്തികളിലും ഉണ്ടാക്കിയെടുക്കണം.അതിനായിരിക്കട്ടെ നമ്മുടെ ശ്രമങ്ങള്‍.

Chandrika Web: