ജപ്തി ഭീതിയില്‍ ഇടതു സഹയാത്രികനായിരുന്ന മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആത്മഹത്യ ചെയ്ത ദിവസവും വാര്‍ഷാഘോഷത്തിന്റെ പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ച് ഇടതുസര്‍ക്കാര്‍. വയനാട്ടില്‍ മാത്രം പതിനായിരത്തിലധികം പേര്‍ സര്‍ഫാസി ആക്ടിനെത്തുടര്‍ന്ന് ജപ്തിഭീതിയിലും വായ്പ കുടിശിക തിരിച്ചുപിടിക്കുന്നതിനുള്ള ധനകാര്യ സ്ഥാപനങ്ങളുടെ കര്‍ശന നീക്കത്തില്‍ മനംനൊന്തും കഴിയുമ്പോഴാണ് എസ്.എല്‍.ബി.സി (സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി) സംസ്ഥാന ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം ആര്‍ഭാടമാക്കാന്‍ കോടികള്‍ പൊടിക്കുന്നത്. ജപ്തി നടപടികളില്‍ ഇടപെടാന്‍ കഴിയുന്ന സംവിധാനം എന്ന നിലയില്‍ എസ്.എല്‍.ബി.സി അടിയന്തിരമായി യോഗം ചേര്‍ന്ന് ഇടപെടല്‍ നടത്താന്‍ ശ്രമിക്കാത്തതില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത രോഷമാണ് വയനാട്ടിലാകെ.
ഭവന വായ്പ കുടിശിക തിരിച്ചുപിടിക്കുന്നതിനുള്ള ബാങ്കിന്റെ നീക്കത്തില്‍ മനംനൊന്ത് കല്‍പ്പറ്റ കോടതിയില്‍ അഡീഷണല്‍ ഗവ. പ്ലീഡറും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന ഇരുളം മുണ്ടോട്ടുചുണ്ടയില്‍ ടോമിയാണ്(56) ഇന്നലെ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ടോമിയുടെ വീട്ടിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ മുഴുവന്‍ തുകയും ഉടന്‍ തിരിച്ചടയ്ക്കണമെന്നു ഭീഷണി സ്വരത്തില്‍ ശഠിച്ചതിന്റെ മാനസികാഘാതമാണ് ജീവനൊടുക്കാന്‍ ടോമിക്കു പ്രേരണയായതെന്ന് ബന്ധുക്കള്‍ പറയുന്നു. ജില്ലയിലാകെ ഇവ്വിധം പതിനായിരത്തിലധികം പേര്‍ സര്‍ഫാസി ആക്ടിനെതുടര്‍ന്ന് ജപ്തി ഭീതിയിലാണ്. കാലാവസ്ഥാ മാറ്റവും കോവിഡും ഇതില്‍ നല്ലൊരു ശതമാനത്തിന്റെയും തിരിച്ചടവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. അതേസമയം 2019 ഒക്ടോബറില്‍, 5 സെന്റിന് കീഴെയുള്ളവരെ സര്‍ഫാസിയില്‍ നിന്ന് ഒഴിവാക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസ്സാക്കിയെങ്കിലും ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു മറുപടിയും നല്‍കിയിട്ടില്ല.
സ്ഥിതിഗതികള്‍ ഇത്ര ഗുരുതരമായിരിക്കേയാണ് ജപ്തി നടപടിയില്‍ നിന്നുള്ള താല്‍ക്കാലിക ആശ്വാസ പദ്ധതികള്‍ക്ക് പോലും തയ്യാറാവാതെ സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നത്. എസ്.എല്‍.ബി.സി അടിയന്തിരമായി യോഗം ചേര്‍ന്ന് ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ഹരിതസേന സംസ്ഥാന ചെയര്‍മാന്‍ അഡ്വ. പ്രദീപ് ചന്ദ്രികയോട് പറഞ്ഞു. ഒരു കോടിയോളം രൂപ പരിപാടി നടക്കുന്ന വേദിക്ക് മാത്രമായി ചിലവിട്ടാണ് സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷം. വേനല്‍ മഴ തുടരുന്ന വയനാട്ടില്‍ 450 ടണ്‍ എ.സിയിലാണ് മൂന്ന് പവലിയനുകള്‍ ശീതീകരിച്ചത്. ജര്‍മ്മന്‍ നിര്‍മ്മിത ടെന്റുകളാണ് ഹാങ്ങറുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. കെ.റെയില്‍ ഓഗ്മെന്റല്‍ റിയാലിറ്റി ഷോ, കിഫ്ബി പ്രോജക്ടുകളുടെ വെര്‍ച്വല്‍ പ്രദര്‍ശനം എന്നിങ്ങനെ സാധാരണക്കാരെ വെല്ലുവിളിക്കുന്ന പ്രദര്‍ശനങ്ങളും മേളയിലുണ്ട്. കിടപ്പാടത്തിനായി ലോണെടുത്ത് തിരിച്ചടക്കാന്‍ വഴിയില്ലാതെ ടോമി അന്ത്യയാത്ര നടത്തുമ്പോഴും സര്‍ക്കാര്‍ വാര്‍ഷികവേദിയില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാവും.