കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്‌റ്റേ നീക്കാന്‍ കുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. ഷുഹൈബ് വധക്കേസ് പ്രതികള്‍ക്കു സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തു. തുടര്‍ന്നു മധ്യവേനല്‍ അവധിക്കു ശേഷം പരിഗണിക്കുന്നതിനായി മാറ്റുകയും ചെയുകയായിരുന്നു. ഷുഹൈബിന്റെ കുടുംബത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണു ഹാജരാകുന്നത്.
ഒന്നരമാസത്തെ ഇടവേള അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു കുടുംബം സുപ്രീംകോടതിയെ സമീപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സി.ഐ എ.വി. ജോണിനോട് സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടു. കുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിന്റെ പശ്ചാത്തലത്തിലാണു ഡി.ജി.പി വിവരങ്ങള്‍ തേടിയത്.
കഴിഞ്ഞ ഫെബ്രുവരി 12നു രാത്രി പത്തോടെയാണു യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന എസ്.പി.ഷുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇതുവരെ 11 സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കൂടുതല്‍ പ്രതികളുണ്ടെന്ന് ആദ്യഘട്ടത്തില്‍ പൊലീസ് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അന്വേഷണം നിലച്ച അവസ്ഥയിലാണ്.