ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കാരണം സംസ്ഥാനത്ത് ജനം പൊറുതിമുട്ടുന്നു. അരിക്ക് പിന്നാലെ പഞ്ചസാരക്കും തീവിലയായി. പഞ്ചസാര വില 38ല്‍ നിന്ന് 44 ആയി ഉയര്‍ന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക് ചരിത്രത്തില്‍ ഉണ്ടാകാത്ത വിധം വില കുതിച്ചുയരുമ്പോഴും സംസ്ഥാന സര്‍ക്കാരിന് കുലുക്കമില്ല. ഒരു കിലോ ജയ അരിക്ക് 40 രൂപയാണ്. കൃത്യമായി പറഞ്ഞാല്‍ എട്ടുരൂപയുടെ വര്‍ധന. നരേന്ദ്രമോദി സര്‍ക്കാര്‍ സമ്മാനിച്ച നോട്ട് ക്ഷാമവും പിണറായി സര്‍ക്കാരിന്റെ വിലക്കയറ്റവും കാരണം സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.
നോട്ട് നിരോധനത്തെ തുടര്‍ന്ന് പണമില്ലാതെ വലയുന്ന ജനത്തിന് മേല്‍ വിലക്കയറ്റം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വ്യാപകമാകുന്ന സാഹചര്യവും നിലനില്‍ക്കുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് ഏഴുമാസത്തിനിടെ കമ്പോള ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, സപ്ലൈകോ, മാവേലി സ്റ്റോറുകള്‍, കണ്‍സ്യൂമര്‍ഫെഡ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളാകെ നിശ്ചലവുമാണ്.
പഞ്ചസാരക്ക് പെട്ടെന്ന് വില ഉയരാനുള്ള കാരണം വ്യക്തമല്ല.
പൂഴ്ത്തിവെച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നാണ് ആരോപണം. ഓരോ സാധനത്തിനും ശരാശരി അഞ്ച് മുതല്‍ 45 രൂപവരെ വില വര്‍ധിച്ചിട്ടുണ്ട്. മുളകിന് 170 രൂപയായി. നേരത്തെ 140 വരെയായിരുന്നു മുളകിന്റെ വില. പച്ചരിക്ക് 33 രൂപ മുതലാണ് വില. ഉഴുന്നിന് 105, ചെറുപയര്‍- 110, സാമ്പാര്‍പരിപ്പ്- 100, മല്ലി- 150, ചെറിയ ഉള്ളി- 30, വെളുത്തുള്ളി- 180, സണ്‍ഫ്‌ളവര്‍ ഓയില്‍- 115, ഗോതമ്പ് മാവ്- 52, ശര്‍ക്കര- 110 എന്നിങ്ങനെയാണ് അവശ്യസാധനങ്ങളുടെ ഇപ്പോഴത്തെ വില.
അഞ്ചുവര്‍ഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും പ്രകടന പത്രികയിലും എല്‍.ഡി.എഫ് നല്‍കിയ വാഗ്ദാനം. എന്നാല്‍ ഇതിന് കടകവിരുദ്ധമായ നടപടിയാണ് സര്‍ക്കാരില്‍ നിന്നുണ്ടായത്. പിണറായി സര്‍ക്കാര്‍ ചുമതയേറ്റത് 2016 മെയ് മാസത്തിലാണ്. ജൂണ്‍ മുതല്‍ തന്നെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില ക്രമാതീതമായി ഉയരാന്‍ തുടങ്ങിയിരുന്നു. സാധാരണ കുറുവ അരി കിലോക്ക് 26 രൂപയും ജയ അരിക്ക് 33 രൂപയുമായിരുന്നു അന്ന് വില. ഉഴുന്ന് പരിപ്പ്, കടല, തുവര പരിപ്പ്, ജീരകം എന്നിവക്കും ജൂണിലെ വിലയേക്കാള്‍ വന്‍വര്‍ധനയാണുണ്ടായത്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വിവിധ ഘട്ടങ്ങളിലായി അരിയുടെ വില 20 ശതമാനമാണ് വര്‍ധിച്ചത്. നാല് വര്‍ഷങ്ങളിലായി 20 ശതമാനത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ക്കകം 25 ശതമാനത്തോളമാണ് വര്‍ധനവുണ്ടായത്. രൂക്ഷമായ വിലക്കയറ്റത്തിനൊപ്പം അരിയുടെ ലഭ്യതയെ കുറിച്ചും ആശങ്ക നിലനില്‍ക്കുന്നു. ആന്ധ്രയില്‍ നിന്ന് അവസാനമായി കേരളത്തിലേക്ക് അരിയുമായി ട്രെയിനെത്തിയത് കഴിഞ്ഞ സെപ്തംബറിലാണ്.
വരള്‍ച്ച കാരണം അരി ഉല്‍പാദനം കുറഞ്ഞപ്പോള്‍ ആന്ധ്രയെയാണ് തമിഴ്‌നാടും ആശ്രയിക്കുന്നത്. ഇത് കാരണം കേരളത്തിലെക്ക് അരിയെത്തുന്നില്ല. കേരളമാകട്ടെ ആന്ധ്രയുമായി ബന്ധപ്പെട്ട് അരി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുമില്ല. ലഭ്യത കുറഞ്ഞതുകാരണം ബംഗാളില്‍ നിന്നുള്ള രണ്ടാം തരം ജയ അരി കേരളത്തിലെത്തിയിട്ടുണ്ട്. ഇതിന് 28 രൂപയേ വിലയുള്ളൂ. എന്നാല്‍ ഗുണമേന്‍മ കുറവാണ്. പൊതുകമ്പോളത്തിലെ വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില വന്‍തോതില്‍ ഉയര്‍ന്നേക്കുമെന്നാണ് സൂചന.