ദോഹ: അടുത്തവര്‍ഷം രാജ്യത്ത് നടക്കുന്ന പ്രമേഹ സര്‍വേയില്‍ ഖത്തരികള്‍ക്കൊപ്പം പ്രവാസികളെയും ഉള്‍പ്പെടുത്തും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഇന്റേര്‍ണല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ബാദി അബൂ സംറയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ടാമത് വാര്‍ഷിക അറബ് പ്രമേഹ മെഡിക്കല്‍ കോണ്‍ഗ്രസിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പ്രാവശ്യം ഖത്തരികള്‍ക്ക് മാത്രമായാണ് പ്രമേഹ സര്‍വേ നടത്തിയിരുന്നത്. 17 ശതമാനം പ്രമേഹ വ്യാപനമായിരുന്നു ആ സര്‍വേയില്‍ വെളിപ്പെട്ടത്. എന്നാല്‍ അടുത്ത സര്‍വേയില്‍ ഇത് 18 ശതമാനം മുതല്‍ 20 ശതമാനം വരെ എത്തുമെന്നാണ് കരുതുന്നതെന്നും അബൂ സംറ പറഞ്ഞു. ഇത്തവണത്തെ സര്‍വേയില്‍ ഖത്തരികളെയും ഖത്തരികളല്ലാത്തവരെയും ഉള്‍പ്പെടുത്തി വിപുലമായ പദ്ധതിയാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തു.
ലോകത്ത് മറ്റ് മേഖലകളെ അപേക്ഷിച്ച് ഇരട്ടി അളവിലാണ് ഗള്‍ഫ് മേഖലയില്‍ പ്രമേഹരോഗം വ്യാപിക്കുന്നത്. ആഗോള പ്രമേഹ വ്യാപന നിരക്ക് എട്ടുമുതല്‍ ഒമ്പത് ശതമാനം വരെയാണ്. എന്നാല്‍ ഖത്തറിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇത് 17 മതുല്‍ 30 ശതമാനം വരെയാണ്. മേഖലയിലെ ജനങ്ങളുടെ ജീനുകളിലെ സാമ്യതയും അത് പ്രമേഹത്തിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നത് കൊണ്ടല്ല ഗള്‍ഫ് മേഖലയില്‍ പ്രമേഹം ഉയര്‍ന്ന തോതില്‍ വ്യാപിക്കുന്നത്. മറിച്ച് ജീവത ശീലങ്ങള്‍ മാറിയതും വ്യായാമം കുറഞ്ഞതുമാണ് രോഗത്തിലേക്ക് നിയിക്കുന്ന പ്രധാന കാരണം. ജനങ്ങളില്‍ ഭൂരിഭാഗവും വാഹനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ഫ്രിഡ്ജുകളില്‍ നിറയെ വിവിധ തരം ഭക്ഷണ പദാര്‍ഥങ്ങള്‍ സുലഭമാണെന്നും ഇതിനാല്‍ തന്നെ പൊണ്ണത്തടിയും വ്യാപകമാവുകയാണെന്നും അബുസംറ പറഞ്ഞു.
പ്രമേഹത്തെ ചെറുക്കാനുള്ള ബോധവല്‍ക്കരണം ശക്തമാകേണ്ടതുണ്ട്. സ്‌കുള്‍ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, മസ്ജിദുകള്‍, മാളുകള്‍, തൊഴില്‍ സ്ഥലങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലും ബോധവല്‍ക്കരണം എത്തേണ്ടതുണ്ട്. ആരോഗ്യ കരമായ ജീവിത ശൈലി തുടരുകയാണെങ്കില്‍ രാജ്യത്തെ കൂടിയ പ്രമേഹ വ്യപാന നിരക്ക് വര്‍ഷങ്ങള്‍ കൊണ്ട് തന്നെ കുറച്ച് കൊണ്ട് വരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രമേഹ രോഗം വരുന്നതില്‍ ജീന്‍ സ്വഭാവ സാമ്യതകള്‍ ഒരു കാരണമായിരിക്കാം. എന്നാല്‍ ആരോഗ്യ കരമായ ജീവിത ശൈലിയിലൂടെ ഇതിനെ മറികടക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് ജനിതക കാരണത്താല്‍ പ്രമേഹത്തിന് സാധ്യതയുണ്ടെങ്കില്‍ കൂടി ആരോഗ്യ കരമായ ജീവിതം ശീലിക്കുന്നതിലൂടെ രോഗ സാധ്യത 50 ശമതാനം കുറക്കാന്‍ കഴിയുമെന്നും ഡോ. അബൂ സംറ പറഞ്ഞു.
അറബ് ഡയബറ്റിസ് മെഡിക്കല്‍ കോണ്‍ഗ്രസില്‍ 470ഓളം വിദഗ്ധരാണ് പങ്കെടുത്തത്. രോഗ പരിപാലന പഠനവും പരിശോധനയുമായും ബന്ധപ്പെട്ട അനുഭവങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുക എന്നതാണ് കോണ്‍ഗ്രസിലൂടെ ഉദ്ദേശിക്കുന്നത്.
ലോകം മുഴുവന്‍ കണ്ടുവരുന്ന പഴക്കമേറിയ സാധാരണമായ ഒരു രോഗമാണ് പ്രമേഹമെന്ന്് കോണ്‍ഗ്രസില്‍ പങ്കെടുത്ത ഖത്തര്‍ ഡയബറ്റിസ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അബ്ദുല്ല അല്‍ഹമക് പറഞ്ഞു. 2015ലെ കണക്കുകള്‍ അനുസരിച്ച് ലോകത്ത് 415 മില്യണ്‍ പ്രമേഹ രോഗികളുണ്ടെന്നും ഇത് 2040 ആകുന്നതോടെ 642 മില്യാണായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.