ബംഗളൂരു: കര്‍ണാടകയിലെ മുദോലിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുന്‍ കര്‍ണാടക മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ മുര്‍ഗേഷ് നിരാണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.
ഏതാണ്ട് പത്തോളം പേരാണ് അപകട സമയത്ത് ഫാക്ടറിയിലുണ്ടായതെന്നാണ് വിവരം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഫാക്ടറിയിലെ മൂന്ന് നില കെട്ടിടം ഉള്‍പ്പെടെ നിലംപ്പൊത്തി. നാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടമുണ്ടായ കെട്ടിടത്തിന്റെ അടിയില്‍ ഇനിയും തൊഴിലാളികള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. പ്രദേശത്ത് അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.