കോഴിക്കോട്: പെണ്‍കുട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുഗത കുമാരി. തോന്നിയതുപോലെ ജീവിക്കുന്നതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് വിചാരിക്കുന്ന ഒരുതലമുറയാണ് ഇവിടെ വളര്‍ന്ന് വരുന്നതെന്നും, വഴിതെറ്റി സഞ്ചരിക്കുന്ന ഇത്തരക്കാര്‍ക്ക് കൗണ്‍സലിംഗ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുന്നുവെന്നും കവയിത്രി സുഗതകുമാരി. തിരുവനന്തപുരത്ത് ‘അമ്മ അറിയാന്‍’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സുഗതകുമാരിയുടെ പ്രസ്താവന.
വഴിതെറ്റി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യും എന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്, സുഗത കുമാരി പറയുന്നു.
‘പതിനഞ്ച് കുട്ടികളെങ്കിലും ഇങ്ങനെ എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു ബാങ്ക് ഓഫീസര്‍ ഒരു ദിവസം എന്റടുത്തു വന്നു സങ്കടത്തോടെ പറഞ്ഞു. കോളേജില്‍ പഠിക്കുന്ന മകള്‍ എന്നും വൈകിയേ വീട്ടിലെത്തുകയുള്ളൂ. ശാസിച്ചിട്ടും രക്ഷയില്ല. ഒരു ദിവസം രാത്രി അവള്‍ വന്നതേയില്ല. പത്ത് ദിവസം കഴിഞ്ഞ് ഒരു ദിവസം രാവിലെ വീട്ടില്‍ വന്നുകയറി. മുഷിഞ്ഞുനാറിയ നിലയിലായിരുന്നു. അവള്‍ നേരെ ബാത്ത് റൂമിലേക്ക് പോയി. കുളിച്ച് പുതിയ വസ്ത്രമണിഞ്ഞു വന്നു. മാതാപിതാക്കള്‍ ശിലപോലെ നിന്നുപോയി.” സുഖലോലുപതയില്‍പ്പെട്ട് പെണ്‍കുട്ടികള്‍ അതിനൊപ്പം നീന്തുകയാണെന്നും സുഗതകുമാരി പറഞ്ഞു.