ബി.ജെ.പി അധികാരത്തില്‍ വന്ന സംസ്ഥാനങ്ങളിലെല്ലാം പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തെ മാത്രമല്ല, ഇതര ന്യൂനപക്ഷങ്ങളെയും ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള രാഷ്ട്രീയമാണ് അവര്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ക്രൈസ്തവ സമുദായം എണ്ണത്തില്‍ വളരെ കുറവുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ കര്‍ണാടകയിലുമെല്ലാം ന്യൂനപക്ഷങ്ങളുടെ സമ്പൂര്‍ണ ഉന്മൂലനമാണ് ഇപ്പോള്‍ അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ 2021 ല്‍ മാത്രം ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന അതിക്രമങ്ങളുടെ എണ്ണം 102 ആണ്. അവിടെ ക്രൈസ്തവ ജനസംഖ്യ കേവലം 0.18 ശതമാനം മാത്രമാണ്. എന്നാല്‍ കേരളം പോലെയുള്ള ക്രൈസ്തവ സമുദായത്തിന് ഭേദപ്പെട്ട ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ മുസ്‌ലിം സമുദായത്തെമാത്രം ശത്രുപക്ഷത്ത് നിര്‍ത്തി ക്രിസ്ത്യാനികള്‍ അടക്കമുള്ള ഇതര ന്യൂനപക്ഷങ്ങളുടെ പിന്തുണ ലഭിക്കാന്‍ ഉപയുക്തമാകുന്ന രാഷ്ട്രീയ ചതുരംഗമാണ് പയറ്റിക്കൊണ്ടിരിക്കുന്നത്. യു.പിയെ പോലെ തന്നെ ക്രിസ്ത്യാനികള്‍ എണ്ണത്തില്‍ വളരെ കുറവുള്ള സംസ്ഥാനങ്ങളില്‍ അവരോടുള്ള ബി.ജെ.പിയുടെ സമീപനമെന്താണെന്ന് വ്യക്തമാക്കിത്തരുന്ന മറ്റൊരു സംസ്ഥാനമാണ് കര്‍ണാടക. ക്രിസ്ത്യന്‍ സമുദായം അവിടെ ന്യൂനാല്‍ ന്യൂനപക്ഷമാണ്. കേവലം 1.87 ശതമാനം മാത്രം. കേരളത്തില്‍ കാണിക്കുന്നതുപോലെയുള്ള ക്രിസ്ത്യാനികളോടുള്ള കപട സ്‌നേഹമല്ല കര്‍ണാടകയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ബി. ജെ.പി സര്‍ക്കാര്‍ അവിടെ ക്രിസ്ത്യന്‍ സമുദായത്തെ നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ക്രൈസ്തവ പുരോഹിതന്മാരുടെയും സാധാരണക്കാരുടെയും രോദനങ്ങളാണ് അവിടെ നിന്നും ദിനേന പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നിരവധി അക്രമങ്ങളുടെ പരമ്പരയാണ് സംഘ്പരിവാറില്‍ നിന്നും കര്‍ണാടകയിലെ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടിവന്നത്. സെപ്തംബറില്‍ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന ബില്‍ പ്രഖ്യാപിച്ചതോടെയാണ് അതിക്രൂരമായ അതിക്രമങ്ങള്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്ക് നേരെ ആരംഭിച്ചത്. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കെതിരെയും രൂക്ഷമായ ആക്രമണങ്ങളുണ്ടായി. ആര്‍.എസ്.എസ്, ബജ്‌റംഗ്ദള്‍, ബഞ്ചാര നിഗമ, ഹിന്ദു ജാഗരണ്‍ വേദികെ, ശ്രീരാമസേന തുടങ്ങിയ സംഘ് സംഘങ്ങള്‍ അഴിഞ്ഞാടി. ചര്‍ച്ചുകളിലും പ്രാര്‍ഥനാഹാളുകളിലും അവര്‍ അതിക്രമിച്ചു കയറി. പള്ളികള്‍ നശിപ്പിച്ചും ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ക്ക്പകരം ഹിന്ദു ഭക്തിഗാനങ്ങള്‍ പാടിയും പുരോഹിതന്മാരെ മര്‍ദ്ദിച്ചും ബൈബിളും ഇതര ക്രിസ്തീയ സാഹിത്യങ്ങളും കത്തിച്ചും മാമോദിസ കര്‍മങ്ങള്‍ തടസപ്പെടുത്തിയും അവര്‍ ക്രൈസ്തവ സമൂഹത്തെ ഭയപ്പെടുത്തി. സംസ്ഥാന പൊലീസ് അഴിഞ്ഞാട്ടക്കാര്‍ക്ക്‌വേണ്ടി ഒത്താശ ചെയ്തുവെന്നും ക്രൈസ്തവ ജനതക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നോ പൊലീസില്‍നിന്നോ യാതൊരു സഹായവും ലഭിച്ചില്ലെന്നും പി.യു.സി.എല്‍ പുറത്തുവിട്ട മനുഷ്യാവകാശ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ബംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ ഇതുസംബന്ധമായി പറയുന്ന കാര്യങ്ങള്‍ കേരളത്തിലെ ക്രൈസ്തവ സമൂഹം ഗൗരവപൂര്‍വം വിലയിരുത്തേണ്ടതാണ്. ‘ദി ക്വിന്റ്’ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ണാടകയിലെ ക്രൈസ്തവ മുസ്‌ലിം സമൂഹങ്ങള്‍ സംഘ് പരിവാറില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ വിവരിക്കുന്നത്. ക്രിസ്ത്യന്‍, മുസ്‌ലിം വിഷയങ്ങളില്‍ സംഘ്പരിവാര്‍ പുര്‍ലര്‍ത്തുന്ന അവസരവാദ നിലപാടുകള്‍ക്ക്പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവരെ തരാതരം ഉന്നംവെച്ചുകൊണ്ടുള്ള കളികള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ബി. ജെ.പിയുടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. ക്രൈസ്തവ സമുദായത്തിനെതിരെ പ്രകോപനം സൃഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു മതപരിവര്‍ത്തന നിരോധന നിയമം ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്നത് എന്നാണ് ബിഷപ്പ് മച്ചാഡോയുടെ നിരീക്ഷണം. എന്നാല്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക്‌ശേഷം അവര്‍ മുസ്‌ലിംകള്‍ക്കെതിരെ തിരിയുകയാണുണ്ടായതെന്നും എന്നാല്‍ മുസ്‌ലിം സമുദായത്തിനെതിരെയുള്ള ഏത് നീക്കങ്ങള്‍ക്കെതിരെയും മുസ്‌ലിംകളോടൊപ്പം ക്രൈസ്തവ സമുദായം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടും ഹലാല്‍ മാംസത്തിനെതിരെ കാമ്പയിന്‍ നടത്തിക്കൊണ്ടും മുസ്‌ലിം സമുദായത്തിന് മേല്‍ വെറുപ്പ് പ്രചരിപ്പിക്കുകയായിരുന്നു സംഘ്പരിവാര്‍. ഈ സന്ദര്‍ഭത്തില്‍ മുസ്‌ലിം സമുദായത്തിന്റെ കൂടെ നില്‍ക്കുകയാണ് വേണ്ടതെന്ന ശരിയായ ബോധ്യം തങ്ങള്‍ക്കുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മാത്രവുമല്ല, കര്‍ണാടകയില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്കെതിരെ ക്രൈസ്തവ വിഭാഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മുസ്‌ലിം സമുദായം പ്രതികരിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഹിജാബ് മുസ്‌ലിം പെണ്‍കുട്ടികള്‍ ധരിക്കുന്നത് ദൈവത്തോടുള്ള ബഹുമാനം കാരണമാണെന്നും ധരിക്കാതിരുന്നാല്‍ അത് ദൈവിക നിയമങ്ങളോടുള്ള അവഹേളനമാവുമെന്ന് അവര്‍ വിശ്വസിക്കുന്നുവെന്നും ഹിജാബില്‍ മറ്റു മതവിഭാഗങ്ങളോടോ രാഷ്ട്രത്തോടോ ഉള്ള നിന്ദയോ അവഹേളനമോ ഇല്ലെന്നുമിരിക്കെ അതിനെ നിരോധിക്കേണ്ട ഒരു സാഹചര്യവും കര്‍ണാടകയിലില്ല എന്നുമാണ് പീറ്റര്‍ മച്ചാഡോയുടെ അഭിപ്രായം. ഹിന്ദുമതത്തിലും ക്രൈസ്തവ മതത്തിലും ഇതുപോലുള്ള വസ്ത്ര നിയമങ്ങളുണ്ടെന്നും ഓരോ വിശ്വാസിയും അവരവരുടെ മതനിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നത് ദൈവത്തോടുള്ള ബഹുമാനമായി നിരീക്ഷിക്കാന്‍ എല്ലാ മതപണ്ഡിതന്മാരും അവരവരുടെ ജനവിഭാഗങ്ങളെ പഠിപ്പിക്കുകയാണ് വേണ്ടത്.
ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്കായി വിദ്യാഭ്യാസ സൗകര്യങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നതിനെതിരെയും അതിശക്തമായ അസഹിഷ്ണുത സംഘ്പരിവാറും സര്‍ക്കാരും വെച്ചുപുലര്‍ത്തുകയും ഇതെല്ലാം മതപരിവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് അവര്‍ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഹലാലിനെതിരെയുള്ള കാമ്പയിന്‍ ഒരു സംസ്‌കാരത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള ഗൂഢ പദ്ധതിയാണെന്നും ഭക്ഷണത്തില്‍ നിന്നും ആരംഭിച്ച് പടിപടിയായി മറ്റെല്ലാ കാര്യങ്ങളിലും ഇടപെടാനുള്ള കുബുദ്ധിയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ക്രൈസ്തവ സമൂഹം അത് മനസിലാക്കിയിട്ടുണ്ടെന്നുമാണ് ബിഷപ്പിന്റെ അഭിപ്രായം.
കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന ബില്‍ യഥാര്‍ഥത്തില്‍ മത സ്വാതന്ത്ര്യത്തിനെതിരെയുള്ള ബില്ലാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ശക്തമായ നിയമമുള്ള സാഹചര്യത്തില്‍ പുതിയ നിയമത്തിന്റെ ആവശ്യമില്ല. ക്രൈസ്തവ സമൂഹത്തിന്റെ മൗലികാവകാശങ്ങള്‍ പോലും ഹനിക്കുന്നതാണ് പുതിയ ബില്‍. ക്രൈസ്തവര്‍ക്കെതിരെ നിയമം സൃഷ്ടിച്ച ശേഷമാണ് കര്‍ണാടകയില്‍ ബി.ജെ.പി മുസ്‌ലിംകള്‍ക്കെതിരെ നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. ഏതെങ്കിലും മതവിഭാഗത്തിനെതിരെ നിയമം കൊണ്ടുവരുമ്പോള്‍ അത് തങ്ങളെ ബാധിക്കുന്നതല്ലല്ലോ എന്ന് ചിന്തിച്ച് പ്രതികരിക്കാതിരുന്നാല്‍ വലിയ വില കൊടുക്കേണ്ടിവരും എന്നത് എല്ലാവരും മനസിലാക്കേണ്ട പാഠമാണ്.
മുസ്‌ലിംകളും ക്രൈസ്തവരും രാജ്യത്തെ ന്യൂനപക്ഷങ്ങളാണെന്ന ബോധം അവര്‍ക്കുണ്ടായിരിക്കണം. ആരെങ്കിലും താല്‍കാലികമായി വെച്ചുനീട്ടുന്ന അപ്പക്കഷ്ണങ്ങള്‍ക്കു പിറകെ പോകാതെ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. പരസ്പരം തെറ്റിധാരണകള്‍ വളര്‍ത്താനും തമ്മിലടിപ്പിക്കാനും ന്യൂനപക്ഷ വിരുദ്ധ കേന്ദ്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് വിധേയമാകുവാനല്ല, കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞും യഥാര്‍ഥ ശത്രുക്കളെ മനസിലാക്കിയും ഭൂരിപക്ഷം വരുന്ന മതനിരപേക്ഷ സമൂഹത്തിന്റെ കൂടെ നിന്നും രാജ്യത്തിന്റെ ഉത്തമ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഒറ്റക്കെട്ടായി നിലക്കൊള്ളാനാണ് ശ്രമിക്കേണ്ടത്.
പീറ്റര്‍ മച്ചാഡോവിന്റെ നിരീക്ഷണം രാജ്യത്തുള്ള മുഴുവന്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കുമുള്ള പാഠമാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ പ്രചാരണങ്ങളില്‍ വീണുപോകാതിരിക്കാനുള്ള ജാഗ്രതയാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം വെച്ചുപുലര്‍ത്തേണ്ടത്. സഹോദര സമുദായങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി ചിലര്‍ നടത്തുന്ന മുദ്രാവാക്യങ്ങളിലെ ശൂരതകളില്‍ ലയിച്ചുപോവാതിരിക്കാനുള്ള ജാഗ്രത മുസ്‌ലിം സമുദായത്തിനുമുണ്ടാവണം. കേരളത്തിന്റെ മതേതര സൗഹാര്‍ദ്ദ ഭൂമികയില്‍ ഹൈന്ദവ, മുസ്‌ലിം, ക്രൈസ്തവ, ദലിത് സമുദായങ്ങള്‍ തോളോട് തോള്‍ ചേര്‍ന്ന്, കൈകോര്‍ത്ത് പിടിച്ച് ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഭിന്നത വളര്‍ത്തി മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ തടയാന്‍ കേരളത്തിലെ ക്രൈസ്തവ സമുദായം മുന്നില്‍തന്നെ നില്‍ക്കുമെന്നാണ് മച്ചാഡോവിന്റെയും തൃശൂര്‍ മെത്രാപൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ് അടക്കമുള്ള കേരളത്തിലെ വിവിധ ബിഷപ്പുമാരുടെയും പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്.