തിരുവനന്തപുരം: വിശ്രമം ആവശ്യമായ സാഹചര്യത്തില്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് അനുചിതമാണെന്ന് രാജിപ്രഖ്യാപിച്ചുകൊണ്ട് വി.എം സുധീരന്‍ പറഞ്ഞു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചികിത്സക്കായി ദിവസങ്ങള്‍ വേണ്ടിവരും. ഈ സാഹചര്യത്തില്‍ പദവി ഒഴിയാന്‍ ആഗ്രഹിക്കുന്നു. വ്യക്തിപരമായ അസൗകര്യം ഒരുകാരണവശാലും പാര്‍ട്ടിയെ ബാധിക്കരുതെന്ന് നിര്‍ബന്ധമുണ്ട്. ഒരു ദിവസം പോലും വീഴ്ച വരാന്‍ പാടില്ല. വേണമെങ്കില്‍ തല്‍സ്ഥാനത്ത് നിന്ന് അവധിയെടുത്ത് മാറ്റാര്‍ക്കെങ്കിലും ചുമതലയേല്‍പ്പിക്കാമായിരുന്നു. എന്നാല്‍ ഇത് മന:സാക്ഷിക്ക് നിരക്കുന്ന സംഗതിയല്ല. ശരിയായ രീതിയുമല്ല. ഇരിക്കുന്ന സ്ഥാനത്തോട് നീതി പുലര്‍ത്തി പൂര്‍ണമായി മുന്നോട്ടുപോകും. കഴിഞ്ഞ ദിവസം രാജിക്കാര്യം മാധ്യമങ്ങളോട് പറയാനിരുന്നതാണ്. എന്നാല്‍ ഇന്നലെ രാവിലെ നേരത്തെ നിശ്ചയിച്ച പരിപാടി ഉള്ളതിനാല്‍ അതുകഴിയട്ടെ എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.
ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ശക്തമായ പോരാട്ടം നടത്തുന്നതിന് പാര്‍ട്ടിക്ക് പൂര്‍വാധികം കരുത്ത് പകരേണ്ട സന്ദര്‍ഭമാണിത്. കേരളം അരക്ഷിതമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ പാര്‍ട്ടിക്ക് കടുത്ത പോരാട്ടം നടത്തേണ്ട സന്ദര്‍ഭമാണിത്. കടുത്ത അരാജകത്വം സംസ്ഥാനത്ത് നിലനില്‍ക്കുകയാണ്. ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷം സംസ്ഥാനത്ത് മുന്‍പുണ്ടായിട്ടില്ല.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷ ഒരുക്കാന്‍ കഴിയാത്ത സര്‍ക്കാറാണ് ഇവിടെയുള്ളത്. മുഖ്യമന്ത്രി ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു – സുധീരന്‍ വ്യക്തമാക്കി.